മീ ടൂ ക്യാമ്പെയിനിലൂടെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ പുറത്തു വരുന്ന പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുകയെന്ന ബോളിവുഡ് സിനിമാ സംഘടനകളുടെ നീക്കത്തെ പ്രശംസിച്ച് നടി പാര്‍വ്വതിയും. കേരളത്തിലും ഇതു സംഭവിച്ചിരുന്നെങ്കില്‍ എന്നാണ് വിഷയത്തില്‍ പ്രതികരിച്ച അഞ്ജലി മേനോനെ പിന്‍താങ്ങി പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റിനൊപ്പം അഞ്ജലിയുടെ പ്രതികരണവും ചേര്‍ത്തിട്ടുണ്ട്.
പാര്‍വ്വതിക്കു പിന്നാലെ പദ്മപ്രിയയും സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും നാട്ടില്‍ നിലവിലുള്ള അവകാശങ്ങള്‍ ബാധകമല്ലേ എന്നു ചോദിച്ചാണ് പദ്മപ്രിയയുടെ ട്വീറ്റ്.
സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി നടിമാരായ രേവതി, പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍ എ എം എം എക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈയിടെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പോലും വിഷയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഇരുവരും രംഗത്തെത്തിയിരിക്കുന്നത്.
ബോളിവുഡില്‍ നിന്നുയരുന്ന തുറന്നു പറച്ചിലുകളുടെ പശ്ചാത്തലത്തില്‍ പരാതികള്‍ പഠിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സിനി ആന്‍ഡ് ടിവി ആര്‍ടിസ്റ്റ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് എന്നീ സംഘടനകള്‍ അറിയിച്ചിരുന്നു. ആരോപണ വിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് കഴിഞ്ഞദിവസം ആമിര്‍ ഖാനും കിരണ്‍ റാവുവും അറിയിച്ചിരുന്നു.
വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബോളിവുഡിലെ സിനിമാ സംഘടനകള്‍ കമ്മിറ്റികള്‍ രൂപീകരിക്കും എന്ന അറിയിപ്പിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള കുറിപ്പാണ് അഞ്ജലിയുടേത്. ആക്രമിക്കപ്പെട്ട നടി അപ്പോള്‍ തന്നെ സംംഭവത്തെക്കുറിച്ചു പറഞ്ഞിട്ടും മലയാള സിനിമാ സംഘടനകള്‍ എന്ത് നിലപാടാണ് നടിക്കെതിരെ കൈ കൊണ്ടതെന്നും അഞ്ജലി മേനോന്‍ ചോദിച്ചിരുന്നു.