വേഷമുണ്ടെങ്കിലും ഇല്ലെങ്കിലും കിം കർദാഷിയാന് പഴിക്ക് പഞ്ഞമില്ല. ധരിക്കുന്ന വേഷത്തിന്റെ പേരിൽ പമേല ആൻഡേഴ്സനാണ് കർദാഷിയാനെ വിമര്‍ശിച്ച് പുതിയതായി രംഗത്തുവന്നത്.
കർദാഷിയാൻ മൃഗത്തോലും രോമങ്ങളും ഉപയോഗിച്ച് നിർമിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഹോളിവുഡ് താരവും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ പമേലയെ ചൊടിപ്പിച്ചത്. തൻ്റെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് കർദാഷിയാന് ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് പമേല. തൻ്റെ വെബ്സെെറ്റിലൂടെയാണ് പമേല കത്ത് പുറത്തു വിട്ടത്.
ഈ മാസം ആദ്യം നടന്ന ന്യൂയോര്‍ക്ക് ഫാഷൻ വീക്കിലാണ് ഇരുവരും കണ്ടുമുട്ടിയത്. മൃഗരോമങ്ങൾ കൊണ്ട് നിര്‍മിച്ച വസ്ത്രം ധരിച്ചാണ് കിം അന്ന് ചടങ്ങിനെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പമേലയുടെ വിമർശനം.
കത്തിൻ്റെ ഉള്ളടക്കം ഇതാണ്...
"പ്രിയപ്പെട്ട കിം,
ന്യൂയോര്‍ക്ക് ഫാഷൻ വീക്കിൽ നിങ്ങളെ കണ്ടുമുട്ടാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. വളരെ കാലമായി നിങ്ങളുമായുള്ള സൗഹൃദം എനിക്കുണ്ട്. വലിയൊരു ഹൃദയമുള്ള ഒരു നല്ല വ്യക്തിത്വമാണ് നിങ്ങളെന്ന് എനിക്ക് പറയാൻ സാധിക്കും.
ഇപ്പോൾ ഈ കത്ത് എഴുതുന്നത് നിങ്ങളുടെ ഫാഷൻ ഭ്രമത്തിൻ്റെ യഥാര്‍ഥ ഇരകളായ മൃഗങ്ങൾക്ക് വേണ്ടിയാണ്. രോമക്കുപ്പായങ്ങളുടെ നിര്‍മ്മാണത്തിനായി ബലിയാക്കപ്പെടുന്നത് നിരവധി മൃഗങ്ങളാണ്. ഒരോ ചെറിയ രോമത്തിനുമായി ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന മൃഗങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്."
മൃഗരോമങ്ങൾ കൊണ്ട് നിര്‍മ്മിച്ച വസ്ത്രം ധരിച്ചതിൻ്റെ പേരിൽ ഇതിന് മുമ്പും ഏറെ വിമര്‍ശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന താരമാണ് കിം കർദാഷിയാൻ.