''ഏതുനിമിഷവും ആരെ വേണമെങ്കിലും പ്രതി ചേര്ക്കപ്പെടാം എന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ നിമിഷത്തിന്റെ ജീവിതകഥയാണ് ഞാന്‍ മതിലുകളില്ലാതെ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നത്...'' ഒരു കുപ്രസിദ്ധ പയ്യന് എന്ന പുതിയ സിനിമയെ രണ്ട് വാചകങ്ങളില്‍ വരച്ചിടുമ്പോള്‍ മധുപാല്‍ എന്ന സംവിധായകന്റെ മനസ്സ് ഒരു വെള്ളിത്തിരയിലെന്നോണം മുന്നില്‍ തെളിഞ്ഞുതുടങ്ങിയിരുന്നു.
തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്കുശേഷം ടൊവിനോ തോമസിനെ നായകനാക്കി ഒരു കുപ്രസിദ്ധ പയ്യന് എന്ന ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ നിറഞ്ഞ പ്രതീക്ഷയിലാണ് മധുപാല്‍. ഉടന്‍ റിലീസ് ചെയ്യുന്ന ചിത്രത്തെപ്പറ്റി മധുപാല്‍ സംസാരിക്കുന്നു.
പുതിയ ചിത്രത്തിന്റെ പേര് തന്നെ പല സൂചനകളും നല്‍കുന്നുണ്ട്. ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ എത്രമാത്രം പ്രതീക്ഷിക്കണം. ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ക്ക് അവര്‍ തെറ്റ് ചെയ്തില്ലെങ്കില്‍പോലും അവരെ തെറ്റുകാരനാണെന്ന് വിധിക്കാന്‍ ഒരുപാട് പേരുണ്ടാകും. അവന് തെറ്റ് ചെയ്യുമെന്ന് മുന്‍വിധിയോടെ മുദ്രകുത്താനാണ് എല്ലാവര്ക്കും ഇഷ്ടം. എല്ലാവരും കള്ളനും പോലീസും കളിക്കുന്ന സമകാലീന ലോകത്തിന്റെ കഥയാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നത്. അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വാസം.
നായകകഥാപാത്രമായി ടൊവിനോ തോമസ് വരുന്നത് എങ്ങനെയാണ്
ഈ കഥയിലെ നായകനായ അജയന് ദ്വന്ദസ്വഭാവമുണ്ട്. ചില സമയത്ത് അയാള്‍ വലിയ ധൈര്യശാലിയാണ്. ചിലനേരത്ത് അയാള്‍ വല്ലാതെ ഉള്‍വലിഞ്ഞുപോകും. ചില സമയത്ത് അയാള്‍ തലയുയര്‍ത്തി നടന്നുപോകും. ചില നേരത്ത് അയാള്‍ ആരെയും നോക്കാതെ തലതാഴ്ത്തി നടന്നുപോകും. ഒന്നിനെയും പേടിയില്ലാത്ത സമയത്തുതന്നെ പലതിനെയും പേടിക്കുന്ന ആ കഥാപാത്രമാകാന്‍ ഏറെ യോജിച്ച ആളാണ് ടൊവിനോ എന്ന് തോന്നിയതുകൊണ്ട് അയാളെ വിളിച്ചു.
ഈ സിനിമയിലെ നായികാകഥാപാത്രങ്ങളെപ്പറ്റി
നിമിഷാ സജയനും അനു സിത്താരയുമാണ് നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷയുടെ കഥാപാത്രമായ ഹന്ന എലിസബത്ത് എല്ലാ കാര്യങ്ങളും നന്നായി ചെയ്യണമെന്ന് കരുതുന്ന ഒരു സ്ത്രീയാണ്. നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയുള്ള സ്ത്രീകള്‍ പലപ്പോഴും പ്രതിസന്ധികള്‍ നേരിടേണ്ടിവരാറുണ്ട്. കേരളത്തിലെ പുതിയകാല പെണ്‍കുട്ടികളില്‍ ഒരാളാണ് ഹന്ന. അനു സിത്താര അവതരിപ്പിക്കുന്ന ജലജ എന്ന കഥാപാത്രം ഹോട്ടലിന്റെ പിന്നാമ്പുറങ്ങളില്‍ തൊഴിലെടുക്കുന്ന ഒരാളാണ്. പക്ഷേ, എന്തിനെയും നേരിടാനുള്ള അവളുടെ മനസ്സ് ആ ജീവിതത്തിന് നല്കുന്ന അടയാളങ്ങള്‍ ഏറെയാണ്.
മറ്റു കഥാപാത്രങ്ങളെപ്പറ്റിയുള്ള പ്രതീക്ഷകള്‍ എങ്ങനെ പങ്കുവയ്ക്കുന്നു
കഥാപാത്രങ്ങള്‍ക്ക് യോജിച്ച താരങ്ങളെ തന്നെയാണ് സിനിമയ്ക്ക് ലഭിച്ചതെന്നതില്‍ സന്തോഷമുണ്ട്. നെടുമുടി വേണുവിന്റെ അഡ്വ. സന്തോഷ് നാരായണനും സിദ്ദിഖ് അവതരിപ്പിക്കുന്ന ലൈബ്രേറിയന്‍ ഭരതനും ഏറെ കാമ്പുള്ള കഥാപാത്രങ്ങളാണ്. സുധീര്‍ കരമനയും സുജിത്ത് ശങ്കറും ബാലു വര്‍ഗീസും അലന്‍സിയറും ദിലീഷ് പോത്തനും പുറമേ നിര്‍മാതാവ് സുരേഷ് കുമാറും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഒഴിമുറി, തലപ്പാവ് എന്നീ സിനിമകള്‍ക്കുശേഷം ഒരു കുപ്രസിദ്ധ പയ്യന് എന്ന സിനിമ ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു തലക്കെട്ട് തിരഞ്ഞെടുത്തത്.
ഒഴിമുറിയും തലപ്പാവും പറഞ്ഞത് പഴയ കാലത്തിന്റെ കഥകളായിരുന്നു. എന്നാല്‍ കുപ്രസിദ്ധ പയ്യന് ഈ നിമിഷത്തിന്റെ കഥയാണ്. നമുക്ക് മുന്നിലുള്ള ഈ നിമിഷത്തില്‍ സത്യവും കള്ളവുമുണ്ട്. നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോകുന്നുണ്ട്. കഴിഞ്ഞ രണ്ട് സിനിമകളെക്കാള്‍ ഏറെ ജനകീയമായ ഒരു വിഷയമാണ് ഇത്തവണ പറയാന്‍ ശ്രമിക്കുന്നത്.
മതിലുകളില്ലാതെ എല്ലാം തുറന്നുപറയുന്ന ഈ ചിത്രത്തിലെ നായകകഥാപാത്രത്തിന് ചേരുന്ന തലക്കെട്ട് തന്നെയാണ് ഇതെന്നാണ് എന്റെ വിശ്വാസം.