ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പാട്ട് പുറത്തിറങ്ങിയതിന് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയാണ്. ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെന്‍ഡങ്ങില്‍ ഒന്നാമതെത്തിയെങ്കിലും ഗാനത്തിന് ഡിസ്ലൈക്ക് ആക്രമണങ്ങളും തുടരുകയാണ്. ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ക്കും ഗാനത്തിനും നേരെ നടക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ഒമറിന്റെ പ്രതികരണം. പാട്ട് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ പ്രിയയോടുള്ള ദേഷ്യമാകാം ഡിസ്‌ലൈക്കിന് കാരണമെന്നും കമന്റ് ചെയ്ത ആരാധകന് മറുപടി നല്‍കുകയായിരുന്നു ഒമര്‍. പ്രിയ വാര്യരോടുള്ള ദേഷ്യം ചിത്രത്തോട് തീര്‍ക്കരുതെന്ന് ഒമര്‍ പറഞ്ഞു. പ്രിയ മാത്രമല്ല വേറെയും പുതുമുഖ താരങ്ങള്‍ ഉള്ള ചിത്രമാണിതെന്നും ഒരുപാടു പേരുടെ കഷ്ടപ്പാട് ഈ സിനിമയ്ക്ക് പുറകില്‍ ഉണ്ടെന്നും ഒമര്‍ പറയുന്നു.
ഒമറിന്റെ വാക്കുകള്‍
"പ്രിയ എന്ന് പറയുന്ന ഒരാള്‍ മാത്രമല്ല ഈ സിനിമയില്‍ അഭിനയിക്കുന്നത്. വേറെയും ധാരാളം പുതുമുഖങ്ങള്‍ ഉണ്ട്. അത് മാത്രമല്ല പണം മുടക്കുന്ന ഒരു നിര്‍മാതാവ് ഇതിന് പിന്നിലുണ്ട്. ആള്‍ക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്. ഞാനിപ്പോള്‍ ഒന്നര വര്‍ഷമായി ഈ ചിത്രത്തിന് പുറകെ നടക്കുന്നു. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് ഈ സിനിമ. പ്രിയയോട് ഇഷ്ടമുള്ളവര്‍ ഉണ്ടാകും അല്ലാത്തവര്‍ ഉണ്ടാകും. നിങ്ങള്‍ക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്," ഒമര്‍ പറഞ്ഞു
ഗാനം പുറത്തിറങ്ങി ഒരു ദിവസം പിന്നിടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം 24 ലക്ഷം പിന്നിട്ടെങ്കിലും 42000 ലൈക്കുകളും മൂന്നു ലക്ഷത്തിലധികം ഡിസ്ലൈക്കുകളുമാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.
oru adaar love freak penne song dislike trending in youtube priya varrier new song omar lulu
Share this Article
Related Topics