തങ്ങളുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെന്ന ശ്രീശാന്ത് ചിത്രമായ 'ടീം ഫൈവി'ന്റെ അണിയറ പ്രവര്‍ത്തകരുടെ പരാതിയ്ക്ക് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു. തന്റെ ആദ്യ ചിത്രമായ 'ഹാപ്പി വെഡ്ഡിങ്ങി'നും സമാനമായ അനുഭവമുണ്ടായതായി ഒമര്‍ പറയുന്നു.
ശ്രീശാന്തിനെ നായകനാക്കി നവാഗതനായ സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്ത ടീം ഫൈവിന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പബ്ലിസിറ്റി നല്‍കുന്നില്ലെന്ന് ആരോപിച്ച് നിര്‍മാതാവ് രാജ് സഖറിയ രംഗത്തെത്തിയിരുന്നു. മലയാള സിനിമ എടുക്കുന്നതും ട്രെയിനിന് തലവെക്കുന്നതും ഒരുപോലെയാണെന്നും ഇനി മലയാളത്തില്‍ സിനിമ എടുക്കുന്നില്ലെന്നും രാജ് പറഞ്ഞിരുന്നു.
വലിയ താരങ്ങള്‍ ഇല്ലാത്തതോ വലിയ ബാനറുകളുടെ കീഴിലല്ലാത്തതോ ആയ ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന് വിമുഖത ഉണ്ടെന്നത് സത്യമാണെന്ന് ഒമര്‍ ലുലു പറയുന്നു. എന്റെ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ പോസ്റ്ററുകള്‍ തീരെ കുറവായിരുന്നു. ഇതേത്തുടര്‍ന്ന് ഞങ്ങള്‍ നേരിട്ടിറങ്ങി പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു ഒമര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
എന്നാല്‍, ഇതിന്റെ പേരില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനില്‍ ഫൈന്‍ അടയ്‌ക്കേണ്ടിവന്നു. സിനിമയ്ക്ക് നല്ല പ്രതികരണം ലഭിച്ചു തുടങ്ങിയതോടെ അസോസിയേഷന്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ തയ്യാറായി. എന്നാല്‍, പോസ്റ്റര്‍ ഒട്ടിക്കണമെങ്കില്‍ പിഴയടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പിഴയടയ്ക്കുകയായിരുന്നു.
കഷ്ടപ്പെട്ട് സിനിമ ഇറക്കുമ്പോള്‍ ഇത്തരം അനുഭവം ഉണ്ടാകുന്നതിന്റെ വിഷമം എത്രയെന്ന് എനിക്കറിയാം. നമ്മള്‍ സമൂഹമാധ്യമങ്ങളിലൂടെയോ ഫ്ലക്സുകളിലൂടെയോ ഒക്കെ എത്രയൊക്കെ പബ്ലിസിറ്റി നല്‍കിയാലും പോസ്റ്ററുകള്‍ നോക്കിയാണ് പ്രാദേശികമായി ആളുകള്‍ തിയേറ്റുകളില്‍ എത്തുന്നത്. ആദ്യ ആഴ്ച തിയേറ്ററില്‍ ആളുകള്‍ എത്തിയാലേ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പുറത്തുപോകൂ. പോസ്റ്ററുകള്‍ ഇല്ലാതെപോയാല്‍ അതാണ് നമുക്ക് നഷ്ടമാകുന്നത്.
വലിയ പടങ്ങള്‍ക്കൊപ്പം റിലീസ് ചെയ്യുന്ന ചെറിയ ചിത്രങ്ങള്‍ അവഗണിക്കപ്പെടുന്ന പ്രവണതയുണ്ട്. ആദ്യ ചിത്രത്തില്‍ ചില ബുദ്ധി മുട്ടുകള്‍ നേരിട്ടെങ്കിലും രണ്ടാം ചിത്രമായ ചങ്ക്‌സിലേക്ക് എത്തുമ്പോള്‍ എനിക്ക് ഈ പ്രശ്‌നങ്ങളില്ല. ആദ്യ സിനിമയുടെ വിജയവും വൈശാഖ പോലുള്ള വലിയ നിര്‍മാണ കമ്പനി ആയതിനാലുമാണത്. എന്നാല്‍ പുതിയ സംവിധായകരോടും നിര്‍മാതാക്കളോടും കുറേക്കൂടി അനുഭാവത്തോടെ പെരുമാറേണ്ടത് ആവശ്യമാണ് ഒമര്‍ പറഞ്ഞു.