ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെ ചൊല്ലി സംവിധായകന്‍ ഒമര്‍ ലുലുവിനും നടി പ്രിയ വാര്യര്‍ക്കുമെതിരേ പുറപ്പെടുവിച്ച എഫ്.ഐ.ആര്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു.
ഒമറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഒരു പ്രതിസന്ധിഘട്ടം ഉണ്ടായപ്പോള്‍ എല്ലാവിധ സപ്പോര്‍ട്ടും തന്നു കൂടെ നിന്ന ചിലരോട് തീര്‍ച്ചയായും നന്ദി പറയേണ്ടതുണ്ട്,ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കരുത്ത് പകര്‍ന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സര്‍, എംപി സുരേഷ് ഗോപി സര്‍, കേസ് ഏറ്റെടുത്ത് സര്‍വ്വധൈര്യവും തന്നു കൂടെ നിന്ന് കേസ് വിജയമാക്കി തന്ന അഡ്വ .ഹാരിസ് ബീരാന്‍ ,സംവിധായകരായ ബി ഉണ്ണികൃഷണന്‍ ,ആഷിഖ് അബു ,സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍ മാധ്യമപ്രവര്‍ത്തകനായ ഹൈദരലി പിന്നെ എല്ലാ സഹൃദയരായ മലയാളികള്‍ക്കും നീതിമാനായ ദൈവത്തിനും...ഒരുപാടൊരുപാട് നന്ദി
മതനിന്ദ ആരോപിച്ചാണ് ഒരു കൂട്ടം ആളുകള്‍ ഹൈദരാബാദ് പോലീസില്‍ ഗാനത്തിനും അണിയറപ്രര്‍ത്തകര്‍ക്കും എതിരേ പരാതി നല്‍കിയത്. എന്നാല്‍, ആരോ സിനിമയില്‍ ഒരു പാട്ട് പാടുന്നു, ചിലര്‍ അതിന്റെ പേരില്‍ കേസ് കൊടുക്കുന്നു. നിങ്ങള്‍ക്ക് മറ്റൊരു ജോലിയുമില്ലേ എന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രതികരണം.
omar lulu Priya varrier FIR cancelled supreme court adaar love omar manikya malaraya poovi