കണ്ണിറുക്കല്‍കൊണ്ട് ശ്രദ്ധേയമായ ചിത്രം ഒരു അഡാറ് ലവിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണ് പുതിയ റെക്കോഡുമായി ലോകശ്രദ്ധയാകര്‍ഷിക്കുന്നു. യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടര്‍ച്ചയായി ആറുദിവസം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന പാട്ട് ഇതിനോടകം ഒരുകോടിയിലധികം പേര്‍ കണ്ടുകഴിഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഗാനം ഒന്നാമതാണ്. ആദ്യ 40 മണിക്കൂറിനുള്ളില്‍ 50 ലക്ഷം ആളുകള്‍ പാട്ട് കണ്ടതോടെ ബാഹുബലിയുടെ പേരിലുള്ള റെക്കോഡ് ഫ്രീക്ക് പെണ്ണ് മറികടന്നു.
അഡാര്‍ ലവിന്റെ സംവിധായകന്‍ ഒമര്‍ ലുലു പുതിയ പാട്ട് ലോകശ്രദ്ധയാകര്‍ഷിച്ചതിന്റെ സന്തോഷത്തിലാണ്. ''എന്റെത് വളരെ ചെറിയ സിനിമയാണ്. ബാഹുബലി അവരുടെ പ്രൊമോഷന്‍ ടീമിന് മുടക്കിയ പത്തിലൊന്ന് ചെലവ് മാത്രം വരുന്ന എന്റെ സിനിമയിലെ ഗാനം ആ ബ്രഹ്മാണ്ഡ സിനിമയുടെ റെക്കോഡ് ഭേദിച്ചു എന്നത് വലിയ കാര്യമാണ്. മാണിക്യമലരിനുശേഷം അതേ പാതയില്‍ റെക്കോഡുകളുമായി ഫ്രീക്ക് പെണ്ണും സഞ്ചരിക്കുന്നു. ഈ സിനിമയില്‍ അഭിനയിക്കുന്നവരില്‍ ഭൂരിഭാഗവും നവാഗതരാണ്. ഫ്രീക്ക് പെണ്ണിന്റെ പാട്ട് രചിച്ചതും പാടിയതുമെല്ലാം പുതിയ ആളുകളാണ്.''-ഒമര്‍ പറഞ്ഞു
സത്യജിത്ത് എഴുതിയ ഫ്രീക്ക് പെണ്ണിന് സംഗീതമേകിയത് ഷാന്‍ റഹ്മാനാണ്. പാടിയത് സത്യജിത്തും നീതുവും ചേര്‍ന്നാണ്. വേറിട്ട വരികളും വ്യത്യസ്തമായ ഈണവുമുള്ള ഫ്രീക്ക് പെണ്ണ് മലയാളത്തില്‍ ഫ്രീക്കാകുകയാണ്. മലയാളത്തിന് അത്ര പരിചിതമല്ലാത്ത റാപ്പ് മ്യൂസിക്കാണ് പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷും മലയാളവും കലരുന്ന മംഗ്ലീഷ് ഭാഷയിലുള്ള വരികളും വ്യത്യസ്തം തന്നെ.
യൂട്യൂബില്‍ വലിയ വ്യൂവര്‍ഷിപ്പുമായി മുന്നേറുമ്പോഴും പാട്ടിന് നേരിടേണ്ടിവന്ന ഡിസ്ലൈക്കുകള്‍ സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും തളര്‍ത്തുന്നു. യൂട്യൂബില്‍ വന്ന ഡിസ്ലൈക്കുകള്‍ വളരെ നിരാശാജനകമാണ്. പ്രിയാ വാരിയരോടുള്ള ദേഷ്യത്തിലാണ് പലരും പാട്ടിന് ഡിസ്ലൈക്ക് തന്നത്. ഒരു വ്യക്തിയോടുള്ള വൈരാഗ്യം കാരണം ഒരു സിനിമയെ തകര്‍ക്കരുത്. ഇത് ഒരാളുടെ സിനിമയല്ല. ഒരുകൂട്ടം പുതുമുഖങ്ങളുടെ പ്രയത്‌നമാണ്. ഇത്തരത്തില്‍ സിനിമയെ താഴ്ത്തിക്കെട്ടിയാല്‍ ഞങ്ങളുടെ സിനിമ തകരും. വലിയ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ഫാന്‍സ് അസോസിയേഷന്‍ സപ്പോര്‍ട്ട് ഞങ്ങള്‍ക്കില്ല. സിനിമയുടെ ഭാവി പ്രേക്ഷകരുടെ കൈയിലാണ്. അഡാര്‍ ലവ് ഒരു പരീക്ഷണമാണ്. ഇത് ഹിറ്റായാല്‍ നാളെ കുറേയധികം പുതുമുഖങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കും. - ഒമര്‍ വ്യക്തമാക്കി.
ഏഴുലക്ഷത്തിലധികംപേരാണ് പാട്ടിന് ഡിസ്ലൈക്ക് നല്‍കിയിരിക്കുന്നത്. അതുപോലെ ട്രോളന്മാരും ഫ്രീക്ക് പെണ്ണിനെ കൊന്നുകൊലവിളിക്കുകയാണ്. ട്രോളുകള്‍ പോസിറ്റീവായി കാണാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. എന്നാല്‍ പാട്ടിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഡിസ്ലൈക്ക് ക്യാംപെയ്നുകള്‍ നടക്കുന്നുണ്ടെന്ന് ഒമര്‍ ലുലു വെളിപ്പെടുത്തി.
''ട്രോളുകള്‍ നല്ലതാണ്. അത് സിനിമയെ സപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ പലയിടങ്ങളില്‍നിന്നും ഡിസ്ലൈക്ക് ക്യാംപെയ്നുകള്‍ നടക്കുന്നുണ്ട്. പല സിനിമാ വാട്സാപ്പ് ഗ്രൂപ്പുകളിലും അംഗമാണ് ഞാന്‍. അതില്‍ ഫ്രീക്ക് പെണ്ണിനെ തകര്‍ക്കുന്നതിനായി പല ഡിസ്ലൈക്ക് ക്യാംപെയ്നുകളും നടക്കുന്നുണ്ട്. ഒരു മില്യണ്‍ ഡിസ്ലൈക്ക് എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്തിനാണ് അവരിങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല.'' -ഒമര്‍ പറഞ്ഞു.
അഡാറ് ലവ് ഒരു ക്യൂട്ട് സിനിമയാണെന്ന് സംവിധായകന്‍ പറയുന്നു. കോമഡിയും പ്രണയവുമെല്ലാം ഇഴചേരുന്ന ഒരു പൈങ്കിളിച്ചിത്രം. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികളും അവര്‍ക്കിടയിലുണ്ടാകുന്ന കുസൃതികളും പ്രണയവുമെല്ലാമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സിനിമയുടെ പേരുപോലെ അഡാറ് പ്രണയമൊന്നും പ്രതീക്ഷിക്കരുത്. കാഞ്ചനമാലയുടെയും മൊയ്തീനിന്റെയും പ്രണയം പോലുള്ള ദൃഢമായ ബന്ധം ചിത്രത്തിലില്ല. എല്ലാവര്‍ക്കും കണ്ടുരസിക്കാവുന്ന ഒരു ചിത്രമായിരിക്കുമിതെന്ന് ഒമര്‍ ലുലു ഉറപ്പുതരുന്നു. ഒരു അഡാറ് ലവില്‍ ആകെ പത്ത് പാട്ടുകളാണുള്ളത്. അവയെല്ലാം വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെടുന്ന ഗാനങ്ങളാണ്. അവയെല്ലാം വരും ദിവസങ്ങളില്‍ റിലീസ് ചെയ്യും. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ഡിസംബര്‍ അവസാനം തിയേറ്ററുകളിലെത്തും