ഒരു കൂട്ടം യുവതാരങ്ങളെ വച്ച് ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്നുവെന്നും അതില്‍ പോണ്‍ താരം മിയ ഖലീഫ ഒരു പ്രധാന വേഷത്തിലെത്തുമെന്നും ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് തൊട്ട് പിറകെ ഈ വാര്‍ത്ത നിഷേധിച്ച് കൊണ്ട് മിയയുടെ പ്രതിനിധികളും രംഗത്ത് വന്നു. ഇന്ത്യയില്‍ നിന്നുമുള്ള ഒരു ഏജന്‍സിയും തങ്ങളെ ഇക്കാര്യവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഈ വിവാദങ്ങളുടെ ചൂടാറും മുന്‍പേ മിയ പോയാല്‍ പോട്ടെ താന്‍ സണ്ണി ലിയോണിനെ കൊണ്ടുവരുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞതായുള്ള വാര്‍ത്തകള്‍ മറ്റൊരു വിവാദത്തിന് വഴി മരുന്നിടുകയായിരുന്നു. ഈ വാര്‍ത്തകളുടെ നിജസ്ഥിതിയെക്കുറിച്ച് ഒമര്‍ മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു.
മിയ പോയാല്‍ പോട്ടെ സണ്ണി വരും മലയാളത്തിലേയ്ക്ക്
ആ വാര്‍ത്തകള്‍ ഒക്കെ തെറ്റാണ്. ചങ്ക്സിന് രണ്ടാം ഭാഗം വരുന്നുണ്ടെന്നത് സത്യമാണ്. അതിന്റെ ഡിസ്‌ക്കഷന്‍സ് നടക്കുന്നതേയുള്ളു. ഇപ്പോള്‍ ഞാന്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ്. ഒരു അഡാര്‍ ലവ് എന്നാണ് ചിത്രത്തിന്റെ പേര്. അത് കഴിഞ്ഞതിനു ശേഷമാണ് ചങ്ക്സ് ടു പ്ലാന്‍ ചെയ്യുന്നത്. ബോംബെ ബേയ്‌സ് ആയുള്ള കമ്പനിയാണ് അതിന്റെ പ്രൊഡക്ഷന്‍ . ഡിസ്‌കഷന്‍സ് നടക്കുന്നതേ ഉള്ളു എന്നത് കൊണ്ട് കമ്പനിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് പറയാറായിട്ടില്ല. മിയയെ കൊണ്ടുവന്നാലോ എന്ന ഒരു താല്പര്യം കമ്പനി പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ അതിന് ഓക്കേ പറഞ്ഞു. എന്നോട് ഒരു വണ്‍ലൈന്‍ സ്റ്റോറി ചെയ്യാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്തു കൊടുത്തു. അവര്‍ക്കത് താല്പര്യവുമായി. അവര്‍ ഇവരുടെ ഒക്കെ എച്ച്.ആര്‍ വഴി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോയതിന് ശേഷം എന്നെ അറിയിക്കാമെന്നും പറഞ്ഞു. അല്ലാതെ ഞങ്ങളാരും തന്നെ മിയ ഖലീഫയുമായോ സണ്ണിലിയോണുമായോ എഗ്രിമെന്റ് ഉണ്ടാക്കിയിട്ടില്ല. മിയ പോയാല്‍ പോട്ടെ ഞങ്ങള്‍ സണ്ണിയെ കൊണ്ട് വരും എന്ന് പറഞ്ഞത് ഞാനല്ല, ആ കമ്പനിയാണ്. സണ്ണി ലിയോണിന്റെ കുറച്ച് വിഡിയോകള്‍ കണ്ട പരിചയം മാത്രമേ എനിക്കുളളൂ. അല്ലാതെ ഞാന്‍ ആരെയും ഈ സിനിമയ്ക്കായി ബന്ധപ്പെട്ടിട്ടില്ല.
ഇത് വേറെ ചങ്ക്‌സ്
ചങ്ക്സിന്റെ രണ്ടാം ഭാഗം വരുന്ന മെയില്‍ മിക്കവാറും തുടങ്ങും. ആദ്യ ഭാഗത്തിലെ ടീം ആയിരിക്കില്ല രണ്ടാം ഭാഗത്തില്‍ ഉണ്ടാവുക. കഥയും വേറെ ആയിരിക്കും . നാല് സുഹൃത്തുക്കളെ വച്ച് പുതിയ പ്ലോട്ടാണ് പ്ലാന്‍ ചെയ്യുന്നത്. ഇംഗ്ലീഷ് സിനിമകളിലൊക്കെ കാണുന്നത് പോലെ കഥാപാത്രങ്ങളുടെ പേരുകള്‍ സെയിം ആയിരിക്കും എന്നാല്‍ നടന്മാരെല്ലാം വേറെയായിരിക്കും. പക്ഷെ പുതുമുഖങ്ങളായിരിക്കില്ല പകരം നല്ല രീതിയില്‍ ഹാസ്യം വഴങ്ങുന്ന അപ്പോള്‍ ട്രെന്‍ഡിങ് ആയ ആളുകളായിരിക്കും സിനിമയില്‍ ഉണ്ടാവുക. ഹണി റോസ് ചിലപ്പോള്‍ ചിത്രത്തില്‍ ഉണ്ടായേക്കും. മിയയോ സണ്ണിയോ ചിത്രത്തിലുണ്ടാകുമോ എന്ന് അതിന് മുന്‍പ് സ്ഥിരീകരണമുണ്ടാകും.
അഡാറ് ഫാമിലി ലവ് സ്റ്റോറി
അഡാര്‍ ലവില്‍ ഒരു കൂട്ടം പുതിയ കുട്ടികളാണ് അഭിനയിക്കുന്നത്. ഓഡിഷന്‍ വഴിയാണ് അവരെ തിരഞ്ഞെടുത്തത്. ഒരു പ്ലസ് 2, സ്‌കൂള്‍ ലവ് അടിസ്ഥാനമാക്കിയ സബ്ജക്ടാണ്.എന്നാല്‍ ഒരു പക്കാ ഫാമിലി ലവ് സ്റ്റോറി ആകും ഈ ചിത്രം. ഇതിന്റെ സംഗീതം ചെയ്യുന്നത് ഷാന്‍ റഹ്മാനാണ്. ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥാണ്. ചങ്ക്സ് യൂത്തിനെ കേന്ദ്രീകരിച്ചുള്ള ചിത്രമായിരുന്നു. അതിനാല്‍ കുടുംബ പ്രേക്ഷകര്‍ക്ക് പലര്‍ക്കും അത്ര രസിച്ചു കാണില്ല. എന്നാല്‍ അഡാര്‍ ലവ് എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന ഒരു ചിത്രമായിരിക്കും. ഡിസംബര്‍ പതിനാലോടു കൂടി അതിന്റെ ചിത്രീകരണം ആരംഭിക്കും. ഏപ്രില്‍ അവസാനത്തോടെ റിലീസ് ഉണ്ടാകും. അതിന് ശേഷം ചങ്ക്‌സുമായി വീണ്ടും വരും. കൂടെ സണ്ണിയോ മിയയോ ഉണ്ടാകുമോയെന്ന് അപ്പോള്‍ കാണാം
Content Highlights: Omar Lulu Mia Khalifa Sunny Leone porn star malayalam movie Chunks Chunks 2 Oru Adar Love