ഒമര്‍ ലുലു ചിത്രത്തിലൂടെ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്കെത്തുന്നുവെന്ന വാര്‍ത്തയെ ആവേശത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. എന്നാൽ, ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ മിയ ഭാഗമായേക്കുമെന്ന് സംവിധായകന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മിയയുടെ പ്രതിനിധികള്‍. വിനോദ വെബ്സൈറ്റായ ബോളിവുഡ് ലൈഫാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
മിയ ഖലീഫ ഇന്ത്യന്‍ സിനിമയില്‍ അഭിനിയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിയയോടടുത്ത വൃത്തങ്ങള്‍. ഇന്ത്യയില്‍ ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മിയ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു.
ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. വെറുതേ വന്നുപോകുന്ന ഒരു റോളായിരിക്കില്ല ചിത്രത്തില്‍ മിയക്കെന്ന് സംവിധായകന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞിരുന്നു. ഒരു ക്യാരക്ടര്‍ റോളിലാകും അവര്‍ എത്തുക. ഒരു ഗാനവും ഉണ്ടാകും-എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഒരു ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നതെന്നും മിയ പ്രൊജക്ടിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും ഒമര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഒരു വര്‍ഷം മാത്രം നീണ്ട പോണ്‍ കരിയര്‍ കൊണ്ട് ലോകത്തെ ഏറ്റവും വിലയേറിയ പോണ്‍ താരമായി മാറിയ ആളാണ് ലെബനീസ് വംശജയായ മിയ ഖലീഫ. അറിയപ്പെടുന്ന ഒരു പോണ്‍സ്റ്റാറായി മാറിയതിനു ശേഷം ഇവര്‍ക്കു നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുന്നത് സ്വന്തം കുടുംബത്തിനും രാജ്യത്തിനും അപമാനമാണെന്നു പോലും വിമര്‍ശനങ്ങളുണ്ടായി. കൂടാതെ തീവ്രവാദ സംഘടനയായ ഐ.എസിന്റെ ഹിറ്റ്‌ലിസ്റ്റില്‍ മിയയുടെ പേരുണ്ട്.
ചങ്ക്‌സിന് തിരക്കഥ ഒരുക്കിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്. ഹണി റോസ് തന്നെയാകും നായിക. എന്നാല്‍ മറ്റുള്ള അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അടുത്ത മെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് ഉദ്ദേശ്യം. ഓണം റിലീസായിട്ടാകും ചങ്ക്‌സ് 2 തിയേറ്ററുകളില്‍ എത്തുക.
ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ഇതിന്റെ ഷൂട്ടിങ് ഡിസംബര്‍ 14ന് ആരംഭിക്കും. വിഷുവിനാണ് റിലീസ്. ഇതിനു ശേഷമാകും ചങ്ക്‌സ് 2ന്റെ ചിത്രീകരണം ആരംഭിക്കുക.
Content Highlights: Mia Khalifa, Mollywood, chunkzz2, omar lulu, malayalam movie, porn star, Malayalam debut