നടി പ്രിയങ്കാ ചോപ്രയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജോനാസ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞമാസം മുംബൈയില്‍ വച്ചു കഴിഞ്ഞിരുന്നു. ഹിന്ദു ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്.
പ്രിയങ്കയുമായി എങ്ങനെ പ്രണയത്തിലായി എന്ന് തുറന്ന് പറയുകയാണ് നിക്കിപ്പോള്‍. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായകന്റെ പ്രതികരണം.
'സുഹൃത്തുക്കള്‍ വഴിയാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത്. അതും നേരിട്ടല്ല, ഫോണിലൂടെ. കുറച്ചുകാലം പരസ്പരം ടെക്സ്റ്റ് മെസേജുകള്‍ അയച്ചു. പിന്നെ ഫോണിലൂടെ സംസാരിച്ചു. 2017 ല്‍ മെറ്റ്ഗാലയില്‍ വച്ചാണ് ആദ്യമായി നേരിട്ട് കാണുന്നത്. അതിനുശേഷം ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വളര്‍ന്നു. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയത് അതിനെല്ലാം ശേഷമാണ്.
വിവാഹനിശ്ചയം എന്നെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ഞാനും എന്റെ മാതാപിതാക്കളും ചടങ്ങുകളെല്ലാം നന്നായി ആസ്വദിച്ചു'- നിക്ക് ജോനാസ് പറഞ്ഞു.
മെറ്റ് ഗാല മുതലാണ് പ്രിയങ്കയെയും നിക്കിനെയും കുറിച്ചുള്ള ഗോസിപ്പുകള്‍ ആരംഭിക്കുന്നത്. പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചതായിരുന്നു എല്ലാത്തിനും തുടക്കം. പിന്നീട് പൊതുപരിപാടികളിലെല്ലാം ഇരുവരും ഒരുമിച്ചെത്താന്‍ തുടങ്ങി. വിവാഹനിശ്ചയത്തിന് ശേഷം നിക്കും പ്രിയങ്കയും മുംബൈയിലെ അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചത് വാര്‍ത്തകളിലിടം നേടിയിരുന്നു.