അഭിനയത്തിന് തത്കാലം അവധി നൽകിയിട്ടും മലയാളത്തിന് ഇന്നും പ്രിയങ്കരിയാണ് നസ്രിയ. ഫഹദിന്റെ ഭാര്യയായി മാറിയ നസ്രിയയെ രണ്ടു വർഷമായി വെള്ളിത്തിരയിൽ കണ്ടിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരുന്നു പലർക്കും. നസ്രിയയുടെ തിരിച്ചുവരവിനെ കുറിച്ചായിരുന്നു ഇക്കാലമത്രയും സകലർക്കും അറിയേണ്ടിയിരുന്നത്.
ചിലരെങ്കിലും നസ്രിയയുടെ അപരയെ കണ്ടുപിടിച്ച് താരമാക്കി സായൂജ്യമടഞ്ഞു. ഞാൻ നസ്രിയെ അല്ലേ എന്നു പറഞ്ഞു മടുത്തിരിക്കുകയാണ് ഈ താരം ഇപ്പോൾ. നസ്രിയ അഭിയിച്ച രംഗങ്ങൾ ഡബ്ബ്സ്മാഷിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വര്‍ഷ ബോലമ്മയെയാണ് പലരും നസ്രിയയായി തെറ്റിദ്ധരിക്കുന്നത്. വർഷ തന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ തന്റെ നസ്രിയാനുഭവങ്ങൾ പങ്കിട്ടത്.
''നസ്രിയയാണോ എന്നുള്ള ആരാധകരുടെ ചോദ്യം ഇപ്പോൾ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. എവിടെ പോയാലും ആളുകൾ ചോദിക്കും നസ്രിയ ആണോയെന്ന്. അപ്പോഴെല്ലാം ഞാൻ ഉള്ളിൽ ചിരിക്കാറുണ്ട്. എന്നാൽ അഞ്ച് മിനിറ്റ് എന്നോട് സംസാരിച്ചാൽ ഞാൻ നസ്രിയ അല്ലെന്ന് എല്ലാവര്‍ക്കും മനസിലാകും''-വര്‍ഷ പറഞ്ഞു.
ഇപ്പോൾ ഈ അപരവേഷത്തിൽ നിന്ന് രക്ഷപ്പെട്ട് നസ്രിയയെ പോലൊരു താരമാവാൻ ഒരുങ്ങുകയാണ് വർഷ. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. നടനും എം.എല്‍.എ.യുമായ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണാണ് ചിത്രത്തിലെ നായകൻ.
Share this Article
Related Topics