നടി നയന്‍താരയെയും പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും അധിക്ഷേപിച്ച രാധാ രവിക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍, ഗായിക ചിന്‍മയി, നടിമാരായ വരലക്ഷ്മി ശരത്കുമാര്‍, രാധാ രവിയുടെ സഹോദരിയും നടിയുമായ രാധിക ശരത്കുമാര്‍ എന്നിവര്‍ നയന്‍താരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പുറമെ ഡി.എം.കെ രാധാ രവിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
രാധാ രവിയെ ഇനി തങ്ങള്‍ നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നാണ് കെ.ജെ സ്റ്റുഡിയോസിന്റെ നിലപാട്. സ്ത്രീവിരുദ്ധത അലങ്കാരമാക്കി നടക്കുന്ന രാധാ രവിയെ സിനിമയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ സഹപ്രവര്‍ത്തകരോട് അപേക്ഷിക്കുമെന്നും കെ.ജെ സ്റ്റുഡിയോസ് വ്യക്തമാക്കി.
ഇതിന് തൊട്ടുപിന്നാലെ നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന ഐറ എന്ന ചിത്രത്തിലെ രംഗം കെ.ജെ സ്റ്റുഡിയോസ് പുറത്ത് വിട്ടത് വലിയ ചര്‍ച്ചയായി മാറി. രാധാ രവിയുടെ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് നല്‍കുന്ന മറുപടിയാണിതെന്ന് വ്യാഖ്യാനിക്കാവുന്നതാണ്.
ഐറയില്‍ യമുന എന്ന പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്. ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഇങ്ങനെ...
'നീ മീഡിയയില്‍നിന്ന് വന്ന ആളല്ലേ? നാലഞ്ച് പേര്‍ക്കൊപ്പം കിടക്കപങ്കിടാതെ ഈ നിലയില്‍ എത്താന്‍ കഴിയുമോ'- ഒരാള്‍ ചോദിക്കുന്നു.
അപ്പോള്‍ നയന്‍താരയുടെ കഥാപാത്രത്തിന്റെ മറുപടി ഇങ്ങനെ...
'നിന്നെപ്പോലുള്ള ആണുങ്ങള്‍ കാരണം കുടുംബത്തിന് പിന്തുണ നല്‍കണമെന്ന് കരുതുന്ന പെണ്ണുങ്ങള്‍ക്ക് പോലും വെളിയിലിറങ്ങി ജോലി ചെയ്യാന്‍ കഴിയുന്നില്ല.'
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് നയന്‍താരയെ വിശേഷിപ്പിക്കുന്നതിനെ വിമര്‍ശിച്ച രാധാരവി, സൂപ്പര്‍സ്റ്റാര്‍ വിശേഷണങ്ങള്‍ എം.ജി.ആറിനെയും ശിവാജി ഗണേശനെയും പോലെയുള്ളവര്‍ക്ക് ചേര്‍ന്നതാണെന്നും പറഞ്ഞിരുന്നു. തമിഴര്‍ കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്നവരായതിനാലാണ് നയന്‍താരയ്ക്ക് ഇപ്പോഴും സിനിമയില്‍ അഭിനയിക്കാനാകുന്നത്. ഇതേ നയന്‍താര യക്ഷിയായും സീതയായും വേഷമിടുന്നു. മുമ്പൊക്കെ കെ.ആര്‍. വിജയയെപ്പോലുള്ളവരാണ് സീതയെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കുവേണമെങ്കിലും സീതയായി അഭിനയിക്കാമെന്ന അവസ്ഥയാണെന്നും രാധാരവി പറഞ്ഞിരുന്നു.
Content Highlights: nayanthara airaa teaser kj studios against radha ravi ban on actor misogyny