ടോളിവുഡ് ബോക്‌സ് ഓഫീസില്‍ മമ്മൂട്ടിയും ബാലകൃഷ്ണയും ഏറ്റുമുട്ടാനൊരുങ്ങുന്നു. തെലുഗു രാഷ്ട്രീയത്തിലെ രണ്ടു പ്രധാന വ്യക്തിത്വങ്ങളായ എന്‍.ടി രാമ റാവു, വൈ.എസ് രാജശേഖര റെഡ്ഡി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങള്‍ ഒരേ ദിവസം തന്നെ പുറത്തിറങ്ങുന്ന പശ്ചാത്തലത്തിലാണ് താരയുദ്ധം.
വൈ.എസ് രാജശേഖര റെഡ്ഡിയായി യാത്ര എന്ന ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ എന്‍.ടി.ആറിനെ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ കൂടിയായ ബാലകൃഷ്ണയാണ്. ഇരുചിത്രങ്ങളും അടുത്ത വര്‍ഷം സംക്രാന്തി ദിനത്തില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഹി വി.രാഘവ് ആണ് യാത്ര സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നയന്‍താര മറ്റൊരു പ്രധാനവേഷത്തിലെത്തും. 70എം.എം എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മുപ്പത് കോടിയാണ് ബജറ്റ്. മെയ് 2018 ല്‍ ചിത്രീകരണം ആരംഭിക്കും.
1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. 2003 ല്‍ അദ്ദേഹം നടത്തിയ പദയാത്ര ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1475 കിലോമീറ്റര്‍ അദ്ദേഹം മൂന്ന് മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കി. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണിത്. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍ വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടു.
നടനും സംവിധായകനും നിര്‍മാതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി.ആറിന്റെ ചിത്രമൊരുക്കുന്നത് കൃഷ് ജഗര്‍ലമുടിയാണ്. വിദ്യാ ബാലന്‍, റാണാ ദഗ്ഗുബാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.