മീ ടൂ ക്യാമ്പയിന് തരംഗമാകുന്ന സാഹചര്യത്തില്‍ ശക്തമായ നിലപാട് പ്രഖ്യാപിച്ച് തമിഴ് സിനിമാ താരസംഘടനയായ നടികര്‍ സംഘം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ചൂഷണങ്ങള്‍ തടയാന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ വാക്ക് നല്‍കിയതിന് തൊട്ടുപിന്നാലെ ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംഘടനയിപ്പോള്‍.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നടികര്‍ സംഘം വേണ്ട നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കാനും കമ്മിറ്റി രൂപീകരിക്കും- നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഗായിക ചിന്മയി ശ്രീപാദ, വിജെ ശ്രീ രഞ്ജിനി, നടി ലക്ഷ്മി രാമകൃഷ്ണന്, ലീല മണിമേഖലൈ, സംവിധായിക ഉഷ എന്നിവര്‍ മീ ടൂ ക്യാമ്പയിന്റെ ഭാഗമായി പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടികര്‍ സംഘത്തിന്റെ പുതിയ നീക്കം.