വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അനുശോചനം അറിയിച്ചത്.
വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്.
കാല്‍നൂറ്റാണ്ടോളം സംഗീത ലോകത്ത് സജീവമായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വയസ്സില്‍ സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്‌കര്‍ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ വിസ്മയ സാധ്യതകള്‍ തെളിയിച്ചു. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടത്. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് ബാലഭാസ്‌കര്‍ കലാരംഗത്ത് പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസക്കര്‍ ചൊവാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ലോകത്തോട് വിടവാങ്ങിയത്.ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്.
ബാലഭാസ്‌കര്‍,ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലക്ഷ്മി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.
സി.കെ ഉണ്ണി ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്‌കര്‍ അമ്മാവനും സംഗീതജ്ഞനുമായ ബി ശശികുമാറിന് കീഴില്‍ മൂന്നാംവയസിലാണ് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. 12ാം വയസിലായിരുന്നു ആദ്യ കച്ചേരി. 17ാംവയസില്‍ ആദ്യമായി സിനിമക്ക് വേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചു. മംഗല്യപല്ലക്ക്, കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നിവയാണ് അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍. പഠിക്കുന്ന കാലത്തു തന്നെ സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചു. ഈസ്റ്റ് കോസ്റ്റിന് വേണ്ടി നിനക്കായ്, ആദ്യമായി തുടങ്ങിയ ആല്‍ബങ്ങള്‍ ശ്രദ്ധേയമായി. യേശുദാസ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം ഫ്യൂഷന്‍ ഷോകള്‍ ചെയ്തു.
സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000ലാണ് വിവാഹിതരായത്. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ക്ക് തേജസ്വിനി പിറന്നത്. തേജസ്വനിയുടെ പേരിലുള്ള വഴിപാട് നടത്താനായിരുന്നു ഇവര്‍ തൃശ്ശൂരിലേക്ക് പോയത്.
ഫ്യൂഷന്‍ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തില്‍ തന്നെ ശ്രദ്ധേയനായ ബാലഭാസ്‌കര്‍ ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ContentHighlights: MusicianBalabaskardeath,Pinaraivijayan,