പുതിയ ചിത്രം ധമാക്കയില്‍ മുകേഷിനെ ശക്തിമാനാക്കി അവതരിപ്പിച്ച സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി 'ഒറിജിനല്‍ ശക്തിമാന്‍' രംഗത്ത്. ശക്തിമാനായി മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്നിരുന്ന മുകേഷ് ഖന്നയാണ് ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് പരാതിക്കത്തെഴുതിയിരിക്കുന്നത്. ശക്തിമാന്‍ കഥാപാത്രത്തിന്റെ പകര്‍പ്പാവകാശം തനിക്കാണെന്നും തന്റെ അനുവാദമില്ലാതെയാണ് ഒമര്‍ ലുലു ചിത്രത്തില്‍ നടന്‍ മുകേഷിനെ ആ വേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഒമര്‍ ലുലു ഈ നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും ഇല്ലെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും മുകേഷ് ഖന്ന പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം
താങ്കളുടെ സംഘടനയിലെ അംഗമായ സംവിധായകന്‍ ഒമര്‍ ലുലു ധമാക്ക എന്ന പേരിലുള്ള പുതിയ ചിത്രത്തില്‍ ശക്തിമാന്‍ എന്ന കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നതായി അറിഞ്ഞു. മുകേഷ് എന്ന പേരുള്ള ഒരു നടനാണ് അതില്‍ അഭിനയിക്കുന്നതെന്നും അറിഞ്ഞു. സോഷ്യല്‍മീഡിയയിലൂടെ ഫോര്‍വേഡ് ചെയ്തു കിട്ടിയ ചില ചിത്രങ്ങളും ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.
ഭീഷ്മ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ 1997ല്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്ന ശക്തിമാന്‍ എന്ന സീരിയലിലെ പ്രധാന നടനും നിര്‍മ്മാതാവുമാണ്ഞാന്‍. ശക്തിമാന്റെ കഥാപാത്രം,വേഷം, സീരിയലിലെ പശ്ചാത്തല സംഗീതം എന്നിവയുടെ പകര്‍പ്പാവകാശം എനിക്കാണ് . തന്റെ അനുവാദമില്ലാതെയാണ് ആ കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ പരാതി ഉന്നയിക്കാനാണ് ഈ കത്ത്. സംവിധായകന്‍ ഒമര്‍ ലുലു ഇതില്‍ നിന്നും പിന്‍മാറണം. ഇല്ലെങ്കില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
Content Highlights : mukesh khanna's complaint against omar lulu for using his copyrighted material in dhamakka movie