മമ്മൂട്ടിക്കും സന്തോഷ് ശിവനും എട്ട് മാസത്തെ സമയം നല്‍കും- താക്കീതുമായി പ്രിയദര്‍ശന്‍


2 min read
Read later
Print
Share

ഇപ്രാവശ്യം ഞാന്‍ ആറ് മുതല്‍ എട്ട് മാസം വരെ കാത്തിരിക്കും. എന്റെ ചിത്രത്തിന് തടയിടാനായി അവര്‍ ഇനിയും അത് വൈകിപ്പിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ പ്രോജക്ടുമായി മുന്നോട്ട് പോകും.

തിഹാസ പുരുഷന്‍ കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന രണ്ട് സിനിമകളുടെ പേരിലാണ് കഴിഞ്ഞ ദിവസം മലയാള സിനിമാ മേഖലയില്‍ ഒരു തര്‍ക്കം ഉണ്ടായത്. മോഹന്‍ലാലിനെ നായകനാക്കി താന്‍ കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് പ്രിയദര്‍ശന്‍ ഒരു ദേശീയ മാധ്യമത്തോട് പരസ്യമാക്കിയതിന് പിന്നാലെ താനും സന്തോഷ് ശിവനും ചേര്‍ന്ന് കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ചെയ്യാന്‍ പോകുന്നു എന്ന് മമ്മൂട്ടി സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിനെതുടര്‍ന്ന് മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ലെന്ന പ്രസ്താവനയോടൊപ്പം താന്‍ ഈ പ്രോജക്ടില്‍ നിന്നും പിന്മാറുന്നതായി അറിയിച്ച് പ്രിയദര്‍ശന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ താന്‍ വെറും എട്ട് മാസമേ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി കാത്ത് നില്‍ക്കൂവെന്നും അതിനുള്ളില്‍ ആ ചിത്രം യാഥാര്‍ഥ്യമായില്ലെങ്കില്‍ മോഹന്‍ലാലിനെ വെച്ച് താന്‍ പ്രഖ്യാപിച്ച ചിത്രം ചെയ്യുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രിയദര്‍ശന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

"മൂന്ന് വര്‍ഷം മുന്‍പും ഈ ചിത്രം ഇവര്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്തില്ല. അതിനാല്‍ ഇപ്രാവശ്യം ഞാന്‍ ആറ് മുതല്‍ എട്ട് മാസം വരെ കാത്തിരിക്കും. എന്റെ ചിത്രത്തിന് തടയിടാനായി അവര്‍ ഇനിയും അത് വൈകിപ്പിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ പ്രോജക്ടുമായി മുന്നോട്ട് പോകും. ഇനി അതല്ല അവര്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഞാന്‍ ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാണ്. കാരണം ഇതുപോലൊരു മേഖലയില്‍ അനാരോഗ്യകരമായ ഇത്തരം മത്സരങ്ങള്‍ വെറും അനാവശ്യമാണ്"- പ്രിയദര്‍ശന്‍ പറഞ്ഞു.

സമാനമായ ഒരു അവസ്ഥ ബോളിവുഡില്‍ ഉണ്ടായതും പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടി. രക്തസാക്ഷി ഭഗത് സിംഗിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച, 2002ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണിന്റെ ലെജന്റ് ഓഫ് ഭഗത് സിങ്ങും ബോബി ഡിയോളിന്റെ 23 മാര്‍ച്ച് 1931 ഉം വന്‍ പരാജയമായിരുന്നു. എന്നു മാത്രമല്ല അത് ഇരു കൂട്ടരുടെയും സൗഹൃദത്തെ പോലും ബാധിച്ചുവെന്നും ഇതേ അവസ്ഥ മലയാള സിനിമയില്‍ ഉണ്ടായിക്കാണാന്‍ തനിക്ക് താല്പര്യമില്ലെന്നും പ്രിയദര്‍ശന്‍ അറിയിച്ചു.

നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപെടുത്തുന്നത്. അതില്‍ നാലാമത് നാവിക തലവനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് താനും വെള്ളിത്തിരയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

"സാമൂതിരിമാര്‍ക്കെതിരെ പട നയിച്ച് ഒടുവില്‍ തൂക്കിലേറ്റപ്പെട്ടവനാണ് കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍. കടലിനോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ കഥ വികസിക്കുന്നത്, കടലില്‍ വെച്ച് ചിത്രീകരണം നടത്താന്‍ എളുപ്പമല്ല താനും. അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന ചിത്രീകരണത്തോടൊപ്പം മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഭാഷയ്ക്കപ്പുറമുള്ള വലിയൊരു വിഭാഗം പ്രേക്ഷകരെ കൂടി ആകര്‍ഷിക്കുന്ന തരത്തിലാണ് ഞാന്‍ ഈ ചിത്രം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. മലയാളത്തിന് പുറത്തുനിന്നുള്ള കലാകാരന്മാരും ഈ ചിത്രത്തിലുണ്ടാകും." - പ്രിയദര്‍ശന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പ്രിയദര്‍ശന്‍ തന്റെ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് മമ്മൂട്ടിയുടെയും സന്തോഷ് ശിവന്റെയും തീരുമാനമറിയാനാണ് മലയാളി പ്രേക്ഷകര്‍ കാത്തുനില്‍ക്കുന്നത്.

Content Highlights : Priyadharshan, Kunjali Marakkar Mammootty, Santhosh sivan, Mohanlal As Kunjali marakkar, mammotty as kunjali marakkar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

നയന്‍താരയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Jan 7, 2019


mathrubhumi

3 min

ദൃശ്യം മോഡല്‍ കൊല; കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ട് സഹോദരന്റെ ആരോപണം

Aug 14, 2019


mathrubhumi

1 min

ഐറയിലെ കുഞ്ഞു നയന്‍താര വിവാഹിതയാകുന്നു

May 21, 2019