കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചരിത്ര പുരുഷന്‍ കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ പ്രേക്ഷകർക്ക് ആവേശം മാത്രമല്ല, തെല്ലൊരു ആശങ്കയുമുണ്ട്. മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും കുഞ്ഞാലി മരയ്ക്കാരാവാൻ ഒരുങ്ങിയിരിക്കുകയാണ്.
മമ്മൂട്ടിയുടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നുകഴിഞ്ഞു. കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം ആസ്പദമാക്കി മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരു ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്തകൾ വന്നുതുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. അതിനിടയിലാണ് ഓഗസ്റ്റ് സിനിമാസ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കണ്ടതു മുതൽ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യം ഇതാണ്... മമ്മൂട്ടിയുടെ ചിത്രം ഇത്രയുമായ സ്ഥിതിക്ക് ഇനി മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാകുമോ? ഈ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
"കുഞ്ഞാലിമരക്കാരുടെ ജീവിതം ആസ്പദമാക്കി ഞാനും മോഹന്‍ലാലും ചേര്‍ന്ന് ഒരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നത്. അത്തരം ഒരു ചരിത്ര സിനിമ ചെയ്യണമെങ്കില്‍ നല്ല ഗവേഷണം ആവശ്യമാണ്. അത് നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ മറ്റു പ്രൊജക്ടുകളുമായി തിരക്കിലാണ്. അതു പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമായിരിക്കും മറ്റു കാര്യങ്ങളിലേക്ക് കടക്കുക"- പ്രിയദര്‍ശന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ മോഹൻലാൽ വേദിയിൽ കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചിരുന്നു. മോഹൻലാലിന്റെ തന്നെ വിസ്മയ മാക്സായിരുന്നു അന്ന് സിനിമകളെ തരത്തിൽ സ്റ്റേജിൽ കടലും കപ്പലും വെടിക്കോപ്പുമെല്ലാമുള്ള വിഷ്വൽ ഇഫക്ട്സ് ഒരുക്കിയത്. ടി.കെ.രാജീവ്കുമാറാണ് ഈ ദൃശ്യവിരുന്ന് സംവിധാനം ചെയ്തത്.
പോര്‍ച്ചുഗീസുകാരുമായുള്ള ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ള പടത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് സാമൂതിരിയുടെ കടൽപടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാന്മാരാണെന്ന് ചരിത്രം പറയുന്നു.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ ഒരു ചിത്രം ഇറങ്ങിയിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ പരീക്കുട്ടി നിര്‍മിച്ച് എസ്.എസ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചത്. പ്രേം നസീറും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.