ക്രിക്കറ്റ്താരം മുഹമ്മദ് ഷമിയുടെ മുന്‍ഭാര്യ ഹസിന് ജഹാന് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഷമിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം മോഡലിങ് രംഗത്തേക്ക് തിരിച്ചെത്തിയത് ഉപജീവനത്തിനാണ് എന്ന് പറയുകയാണ് ജഹാന്.
ജീവിക്കാനും കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്കും പണം കണ്ടെത്തണം. എനിക്ക് വേറൊരു വരുമാനമാര്‍ഗമില്ല. സംവിധായകന് അംജത് ഖാന് എന്നെ സമീപിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ വേഷമിടാം എന്ന് സമ്മതിച്ചിട്ടുണ്ട്. എനിക്ക് കേസ് നടത്താനും പണം വേണം- ജഹാന് പറഞ്ഞു.
അംജത് ഖാന്റെ ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകയുടെ വേഷമാണ് ജഹാന് ചെയ്യുന്നത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
വളരെ ഗുരുതരമായ ആരോപണങ്ങളാണ് ജഹാന് ഷമിക്കെതിരേ ആരോപിച്ചത്. ഷമിക്ക് പരസ്ത്രീബന്ധമുണ്ടെന്നും തന്നോട് വിശ്വാസവഞ്ചന കാണിച്ചുവെന്നും ജഹാന് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയതോടെ വിഷയം കൂടുതല്‍ വഷളായി.
നേരത്തേ വിവാഹിതയാണെന്നും രണ്ടുകുട്ടികളുടെ അമ്മയാണെന്നുമുള്ള സത്യം ജഹാന് മറച്ചുവച്ചുവെന്നായിരുന്നു ഷമിയുടെ ആരോപണം. ആദ്യ ഭര്‍ത്താവ് ഷെയ്ക് സെയ്ഫുദ്ദീനില്‍ പിറന്ന മക്കളെ സഹോദരിമാര്‍ എന്ന നിലയിലാണ് ജഹാന് തനിക്ക് പരിചയപ്പെടുത്തി തന്നതെന്ന് ഷമി കുറ്റപ്പെടുത്തി.
അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഷമിയും ജഹാനും വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ ഐറ ഷമി എന്ന ഒരു പെണ്‍കുഞ്ഞുമുണ്ട്. വിവാഹത്തിന് ശേഷം ഷമി തന്നെ മോഡലിങ്ങില്‍ നിന്ന് മാത്രമല്ല സുഹൃത്തുക്കളുമായി സംസാരിക്കുന്നതില്‍ നിന്നു പോലും വിലക്കിയെന്ന് ജഹാന് ആരോപിച്ചിട്ടുണ്ട്.
Content Highlights: mohammed shami's ex wife hasin jahan to bollywood modelling