ചൊവ്വയിലേയ്ക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതില്‍ പങ്കാളികളായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍മാരുടെ കഥയെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ട മിഷന്‍ മംഗള്‍ എന്ന ചിത്രം ആഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തും. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും വിദ്യാ ബാലനുമാണ്.
സോനാക്ഷി സിന്‍ഹ, നിത്യാ മേനോന്‍, തപ്സി പന്നു, കീര്‍ത്തി ഗുല്‍ഹാരി, ഷര്‍മാന്‍ ജോഷി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട് . ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ്, ഹോപ്പ് പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന മിഷന്‍ മംഗളിന്റെ സംവിധായകന്‍ നവാഗതനായ ജഗന്‍ ശക്തിയാണ് . ഐ.എസ്.ആര്‍.ഒയുടെ പൂര്‍ണ സഹകരണത്തോടെയാണ് ജഗന്‍ ശക്തി ദൃശ്യ സാഷാത്കാരം നല്‍കിയിരിക്കുന്നത് .
ഒരു നാവാഗത സംവിധായകന് ചൊവ്വാഗ്രഹ ഓര്‍ബിറ്റര്‍ മിഷനെ അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കുകയെന്നത് എളുപ്പമല്ല. ഇസ്രോ (ഐ.എസ്.ആര്‍.ഒ ) യുടെ ഇന്നുവരെയുള്ള ദൗത്യങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായിരുന്നു മംഗള്‍യാന്‍ വിക്ഷേപണം. ചിത്രത്തിന് വേണ്ടി ക ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ സാങ്കേതിക സഹകരണവും സഹായവും നല്‍കിയതില്‍ ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു-ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
സംവിധായകന്‍ ജഗന്‍ ശക്തി ചിത്രത്തെ കുറിച്ച് പറയുന്നതിങ്ങനെ
'എന്റെ സഹോദരി സുജാത ഐ.എസ്.ആര്‍.ഒ യിലാണ് ജോലി ചെയ്യുന്നത്. അത് കൊണ്ടു തന്നെ മംഗള്‍യാന്‍ മിഷന്‍ ടീമുമായി വിവരശേഖണം നടത്താനും ചര്‍ച്ചകള്‍ ചെയ്യാനും കഴിഞ്ഞു. സിനിമക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ശാസ്ത്രജ്ഞരായി അഭിനയിക്കുന്ന അഭിനേതാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിലും ഐഎസ്ആര്‍ഒ ഞങ്ങളെ വളരെ അധികം സഹായിച്ചത് നന്ദിപൂര്‍വം സ്മരിക്കുന്നു. മറുവശത്ത് കലാ സംവിധായന്‍, വി.എഫ്.എക്‌സ് ടീം എന്നിവരും പ്രധാന പങ്കാളികളായി റോക്കറ്റ് രൂപകല്പന ചെയ്യാന്‍ സഹായിച്ചു. ചിത്രീകരണ വേളയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ഏറെയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ബെംഗളൂരുവിലെ ഇസ്രോ (ഐ.എസ്.ആര്‍.ഒ) യില്‍ ചില രംഗങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയാത്തത് കൊണ്ട് പ്രത്യേകം സെറ്റുണ്ടാക്കി ഷൂട്ടിംഗ് നടത്തുകയും ചെയ്തു. വര്‍ത്തമാനകാല ജീവിതത്തില്‍ എളിമയോടെ ജീവിക്കുന്ന പുരുഷനും സ്ത്രീയും എത്ര മാത്രം അസാധാരണമായ കഴിവും ശക്തിയുമുള്ളവരാണ് എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഈ മിഷന്‍ മംഗള്‍ ഇസ്രോ വിജയം നേടിയ മംഗള്‍യാനെ കുറിച്ചുള്ളതാണ്. ഈ ദൗത്യം, ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. കൂടാതെ ഇത് എല്ലാവരുടെയും വിജയമാണ്. ഈ സിനിമ ആരുടെയും ആത്മകഥയല്ല- ജഗന്‍ ശക്തി പറഞ്ഞു.
സംവിധായകന്‍ ആര്‍. ബാല്‍ക്കിയാണ് ചിത്രത്തിന്റെ രചയിതാവും ക്രീയേറ്റിവ് ഡയറക്ടറും. രവി വര്‍മ്മന്‍ ഛായാഗ്രഹണവും അമിത് ത്രിവേദി സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
Content Highlights: Mission mangal to be released on August 15, Akshy Kumar, Nithya Menen, Vidya Balan, Tapsee Pannu, sonakshi Sinha, Sharman Joshi, Jagan Shakthi