രാജ്യമാകെ മീ ടൂ ക്യാമ്പയിന്‍ ആഞ്ഞടിക്കുമ്പോള്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനെതിരേ ആരോപണവുമായി സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് സപ്ന ഭവാനി രംഗത്ത്. മീ ടൂ ക്യാമ്പയിന് പിന്തുണയുമായി അമിതാഭ് ബച്ചന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സപ്ന ആരോപണവുമായി എത്തിയിരിക്കുന്നത്. നിങ്ങളുടെ സത്യവും വൈകാതെ പുറത്തു വരുമെന്ന് സപ്ന ട്വിറ്ററില്‍ കുറിച്ചു.
'ഇതു വരെ കേട്ട ഏറ്റവും വലിയ നുണയാണ് ഇത്. താങ്കളുടെ ചിത്രമായ പിങ്ക് തിയേറ്ററില്‍ വന്നു തിരിച്ചു പോയത് പോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചു പോകും. നിങ്ങളുടെ സത്യം വൈകാതെ പുറത്തു വരും. അപ്പോള്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവും'...സപ്ന പരിഹസിക്കുന്നു
ബോളിവുഡ് താരങ്ങളായ അലോക് നാഥിനും നാനാ പടേക്കറിനുമെതിരായ മീടൂ വെളിപ്പെടുത്തലുകളില്‍ മൗനം പാലിച്ച അമിതാഭ് ബച്ചന്‍ പിറന്നാള്‍ ദിനത്തിലാണ് മീടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ചത്. ''ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം. സ്ത്രീകളെ അപമാനിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണ്. ഇത്തരം വിഷയത്തില്‍ കര്‍ശന നടപടികള്‍ എടുക്കണം. സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണം' എന്നും ബച്ചന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സപ്‌ന ബച്ചനെതിരേ രംഗത്ത് വന്നത്.
MeToo movement Amitabh Bachchan Sapna Bhavnani me too bollywood