വിജയ് ചിത്രം മെര്‍സലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഊഹാപോഹങ്ങളും ഒരു വിധം കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിനെ അനുകൂലിച്ചും പ്രശംസിച്ചും നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മെര്‍സല്‍ വെറും മസാല പടം മാത്രമാണെന്ന അഭിപ്രായവുമായി വന്നിരിക്കുകയാണ് ഗായകന്‍ ശ്രീനിവാസ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മെര്‍സല്‍ കണ്ടതിന് ശേഷം തന്റെ അഭിപ്രായം ശ്രീനിവാസ് പങ്കുവെച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍.
"അവസാനം മെര്‍സല്‍ കണ്ടു. വെള്ളിത്തിരയില്‍ തന്റെ ശബ്ദം കേള്‍ക്കാന്‍ ആവേശത്തോടെ കാത്തിരുന്ന മകള്‍ ശരണ്യയും ഒപ്പമുണ്ടായിരുന്നു. അവളുടെ സന്തോഷം പങ്കു വയ്ക്കുന്നു. നല്ല നല്ല പാട്ടുകള്‍ പാടാന്‍ അവള്‍ക്ക് ഇനിയും അവസരം ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇനി മെര്‍സലിനെ പറ്റി. മനുഷ്യന്റെ യുക്തിയെ പടിയ്ക്ക് പുറത്ത് നിര്‍ത്തുന്ന വെറും മസാല പടമാണ് മെര്‍സല്‍. ഒട്ടുമിക്ക ബ്‌ളോക് ബസ്റ്റര്‍ ചിത്രങ്ങളെല്ലാം അങ്ങനെ തന്നെയാണ്. മെര്‍സല്‍ വൈദ്യശാസ്ത്രത്തിന്റെ വാണിജ്യവത്ക്കരണത്തെക്കുറിച്ച് ചില സാധുതയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് ശരിതന്നെ. പക്ഷെ എല്ലാ മേഖലയിലും അഴിമതി സര്‍വസാധാരണമായിക്കൊണ്ടിരിക്കുമ്പോള്‍ ഒരു തൊഴില്‍ മേഖലയെ മാത്രം കേന്ദ്രീകരിച്ച് കുറ്റപ്പെടുത്തിയത് അനീതിയാണ്. ജനനവും മരണവും കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ ഡോക്ടര്‍മാരെ സാധാരണ മനുഷ്യരിലും മീതെ ദൈവദൂതരായാണ് നമ്മള്‍ കാണുന്നത് ഒരുപക്ഷെ അതുകൊണ്ടായിരിക്കാം.
കാശുള്ളവര്‍ക്ക് അവര്‍ ചിലവാക്കുന്നതിനു ന്യായീകരണമുണ്ട്. അവര്‍ നികുതി അടയ്ക്കന്നുണ്ട് എന്നത് തന്നെ. അതുകൊണ്ടു തന്നെ അത്യാഡംബര കാറുകളും മാളികകളും അവര്‍ക്ക് സ്വന്തമാക്കാം. അവര്‍ ചിന്തിക്കുന്നത് ശരിയാണ് അവര്‍ നികുതി അടയ്ക്കുന്നുണ്ടല്ലോ. എന്നാല്‍ നമ്മളില്‍ എത്ര ആളുകള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റും. ഞാന്‍ എന്നെയും കൂടി ചേര്‍ത്താണ് പറയുന്നത്,നമ്മുടെ മന:സാക്ഷി അതിനനുവദിക്കുമോ?
ദാരിദ്ര്യരേഖ വളരെ ഉയര്‍ന്ന, സാധാരണ ജനങ്ങള്‍ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ഒരു രാജ്യത്ത് പണക്കാര്‍ക്ക് വലിയ കര്‍ത്തവ്യങ്ങളുണ്ട്. കുറഞ്ഞത് ഒരു സാമൂഹിക അവബോധമെങ്കിലും. ഇവിടുത്തെ യുവത്വത്തിലാണ് എന്റെ പ്രതീക്ഷ ജാതി-മത-നിറ വിവേചനകള്‍ക്കെതിരായി, അഴിമതിക്കെതിരായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന യുവജനതയെ നമ്മുടെ രാജ്യത്തിന് ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു."
ശ്രീനിവാസന്റെ മകള്‍ ശരണ്യ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിരുന്നു