വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കണക്കുകള്‍ കള്ളമാണെന്ന് വിതരണക്കാരന്‍. ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥനാണ് മെര്‍സലിനെതിരെ അത്തരത്തിലുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സിനിമ ഗംഭീര വിജയമാണെന്ന് ധരിപ്പിച്ച് തിയേറ്ററിലേക്ക് ആളെ കൊണ്ടുവരാനാണ് ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.
1976 മുതല്‍ ഞാന്‍ വിതരണക്കാരനാണ്. ഞങ്ങള്‍ തന്നെ ഏല്‍പിച്ച ആളുകള്‍ ടിക്കറ്റ് വാങ്ങി ബ്ലാക്കില്‍ വില്‍ക്കും. ടിക്കറ്റ് ലഭ്യമല്ലാതാകുമ്പോള്‍ സിനിമ കൊള്ളാമെന്ന് പ്രേക്ഷകന് തോന്നും. വര്‍ഷങ്ങളായി ഒരേ തന്ത്രമാണ് നമ്മള്‍ പയറ്റുന്നത്. ബോക്‌സ് ഓഫീസ് കണക്കുകള്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ എളുപ്പമല്ല. കാരണം കൃത്യമായ തെളിവ് നല്‍കാന്‍ സാധിക്കില്ല.
അറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സല്‍ ദീപാവലിക്കാണ് പുറത്തിറങ്ങിയത്. ലോകവ്യാപകമായി ബോക്‌സ് ഓഫീസുകളില്‍ നിന്ന് 200 കോടി രൂപ ചിത്രം നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. തുടക്കത്തില്‍ തന്നെ വാര്‍ത്തകളിൽ ഇടംപിടിച്ച ചിത്രമാണ് മെര്‍സല്‍. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് തമിഴ്നാട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ എ. അശ്വഥമാന്‍ ഒരു പൊതുതാത്പര്യ ഹര്‍ജി നല്‍കുകയും മദ്രാസ് ഹൈക്കോടതി അത് തള്ളുകയും ചെയ്തിരുന്നു.