സെലിബ്രിറ്റികള്‍ മാത്രമല്ല, അവരുടെ മക്കളും എവിടെ തിരിഞ്ഞാലും വാര്‍ത്തയാണ്. ക്യാമറക്കണ്ണുകള്‍ വിടാതെ പിറകെയുണ്ടാവും. സോഷ്യല്‍ മീഡിയ ശക്തമായതോടെ അവരുടെ നീക്കങ്ങളോരോന്നും യൂട്യൂബിലും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ പ്രത്യക്ഷപ്പെടുകയായി. അതൊക്കെ വൈറലായി മാറുകയും ചെയ്യുന്നു.
നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയെയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വിടാതെ പിന്തുടരുന്നത്. കൂട്ടുകാര്‍ക്കൊപ്പമുള്ള മീനാക്ഷിയുടെ ദീപാവലി ആഘോഷത്തിന്റേതും മീനാക്ഷിയുടെ ഗിറ്റാര്‍ വായനയുടേതും എന്നു പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോയ്ക്ക് വൻ പ്രചാരമാണ് ഇപ്പോൾ യൂട്യൂബിൽ. മഞ്ഞ ചുരിദാറിട്ട് യാത്ര എന്ന മമ്മൂട്ടി ചിത്രത്തിലെ തന്നന്നം താനന്നം എന്ന ഗാനമാണ് ഗിറ്റാറില്‍ മീട്ടുന്നത്. അതുകഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം പൂത്തിരി കത്തിക്കുന്നതും ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്.
വീഡിയോ കണ്ടവർക്കെല്ലാം അറിയേണ്ടിയിരുന്നത് അതിന്റെ ആധികാരികതയെക്കുറിച്ചായിരുന്നു. എന്നാല്‍, ഈ വീഡിയോയിലുള്ളത് മീനാക്ഷി തന്നെയാണെന്നോ ഇത് എപ്പോള്‍ ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല. അമല്‍ പി, കിളിപോയി, വീഡിയോ സ്‌ട്രോബറി, ബ്യൂട്ടി ആൻഡ് ഹെൽത്ത് ടിപ്സ് തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നാണ് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോകളെല്ലാം ഒക്‌ടോബര്‍ 19, 20 തിയ്യതികളിലായാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയും ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെടുത്തി ചില വെബ്‌സൈറ്റുകള്‍ വാര്‍ത്ത മെനയുകയും ചെയ്തിട്ടുണ്ട്.
വീഡിയോയെക്കുറിച്ച് ദിലീപിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണമൊന്നും ലഭ്യമായിട്ടില്ല ഇതുവരെ.