ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍കാമുകന്‍. നടന്‍ അധ്യയാന്‍ സുമനാണ് താരത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. കങ്കണ തന്നെ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും ഒരിക്കല്‍ താന്‍ അത് വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും അപമാനിച്ചുവെന്നും സുമന്‍ പറയുന്നു.
'മീ ടൂ മൂവ്‌മെന്റ് തരംഗമായി കൊണ്ടിരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണിത്. ജനങ്ങള്‍ എല്ലാം അറിയട്ടെ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് കരിയറില്‍ തോറ്റവന്‍ എന്ന് വിളിച്ച് എന്നെ അപമാനിച്ചു. കുറച്ചു പേര്‍ എനിക്ക് പിന്തുണ നല്‍കി. അവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി.
കങ്കണയുമായുള്ള ബന്ധം എന്നെ സംബന്ധിച്ച് ചരിത്രമാണ്. എനിക്ക് അതൊന്നും ഇനി ഓര്‍ക്കാന്‍ ആഗ്രഹമില്ല. അവരോട് ഞാന്‍ എന്നേ ക്ഷമിച്ചു കഴിഞ്ഞു'- സുമന്‍ കൂട്ടിച്ചേര്‍ത്തു.
മീ ടൂ ക്യാമ്പയിന്റെ ഭാഗായി സംവിധായകന്‍ വികാസ് ബാലിനെതിരേ കങ്കണ രംഗത്ത് വന്നിരുന്നു. കങ്കണയുടെ കരിയറിലെ വഴിത്തിരിവായ 'ക്വീന്‍' എന്ന ചിത്രം ഒരുക്കിയത് ബാലായിരുന്നു. ചിത്രത്തില്‍ ബാലിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മോശം അനുഭവം ഉണ്ടായെന്നും വിവാഹിതനായിരുന്നിട്ടും മറ്റുളളവരോടൊത്തുളള ലൈംഗികബന്ധം സാധാരണമാണെന്ന് അയാള്‍ എപ്പോഴും പറയുമെന്നും കങ്കണ ആരോപിച്ചു.
ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെതിരേ നേരത്തേ കങ്കണ രംഗത്ത് വന്നിട്ടുണ്ട്. ബാലിനെ ബഹിഷ്‌കരിക്കുന്ന സിനിമാലോകം ഹൃത്വികിനൊപ്പവും ജോലി ചെയ്യരുതെന്ന് കങ്കണ പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന സംവിധായകനൊപ്പം ഇനി സഹകരിക്കാനാകില്ലെന്ന് ഹൃത്വിക് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം. ഹൃത്വിക്കിന്റെ ഏറ്റവും പുതിയ റിലീസ് സൂപ്പര്‍ 30 ഒരുക്കിയത് ബാലാണ്.