വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തു വന്ന ഒരു വീഡിയോ സംവിധായകന്‍ സുഭാഷ് കപൂറിന് ഇപ്പോള്‍ വിനയായിരിക്കയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മൊഗുളില്‍ നിന്നും നടന്‍ ആമിര്‍ഖാന്‍ പിന്‍മാറിയിരിക്കയാണ്. തനിക്കെതിരെ ലൈംഗികാക്രമണം നടത്തിയതിന് നടി ഗീതിക ത്യാഗി സുഭാഷ് കപൂറിന്റെ മുഖത്ത് ആഞ്ഞടിക്കുന്ന വീഡിയോ വൈറലായ പശ്ചാത്തലത്തിലാണ് ആമിര്‍ സിനിമയില്‍ നിന്നും പിന്‍മാറിയത്.
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് സുഭാഷ് കപൂറിന്റെ യഥാര്‍ഥ മുഖമെന്ന പേരില്‍ ഗീതിക ത്യാഗി സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വീഡിയോ ഇപ്പോള്‍ മീടൂ ക്യാമ്പയിനിന്റെ ഭാഗമായി വീണ്ടും വൈറലായിരിക്കുകയാണ്. കപൂറിന്റെ ഭാര്യയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ മുഖത്ത് ശക്തമായി അടിക്കുകയാണ് വീഡിയോയില്‍. അന്നത്തെ സംഭവം കോടതിയില്‍ കേസായി നിലനില്‍ക്കെയാണ് വീഡിയോ വീണ്ടും പ്രചരിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് 2019ല്‍ പുറത്തിറങ്ങാനിരുന്ന കപൂറിന്റെ ഏറ്റവും പുതിയ ചിത്രം മൊഗുളില്‍ നിന്നും ആമിര്‍ പിന്‍മാറുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കേണ്ട സിനിമയായിരുന്നു മൊഗുള്‍. നിര്‍മ്മാതാക്കളിലൊരാളായ ഭൂഷന്‍ കുമാര്‍ കപൂറിനെ സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയതായി അറിയിച്ചു.
പുതിയ സിനിമയുടെ ഭാഗമായ ഒരാള്‍ക്കെതിരെ ലൈംഗികാരോപണങ്ങളുള്ളതായി അറിയുന്നു. രണ്ടാഴ്ച്ച മുമ്പ് മീ ടു വിവാദങ്ങളുടെ തുടക്കത്തിലാണ് ഇതേക്കുറിച്ച് അറിയുന്നത്. കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ അല്ല ഞങ്ങള്‍. എങ്കിലും നിയമവഴിയില്‍ തന്നെ സത്യം പുറത്തു വരുന്നതു വരെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. മീ ടു ക്യാമ്പെയ്ന്‍ സിനിമാമേഖലയില്‍ നല്ലൊരു മാറ്റത്തിനു തുടക്കം കുറിക്കട്ടെ.. ഈ മേഖലയിലെ ലൈംഗികചൂഷണങ്ങള്‍ അവസാനിക്കണം.. സിനിമാ മേഖല സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കിത്തീര്‍ക്കാന്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്. ആമീര്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു മൊഗുള്‍. കഥയിഷ്ടപ്പെട്ട് ചിത്രത്തിന്റെ ഭാഗമാകാന്‍ ആമിര്‍ തന്നെ മുമ്പോട്ടു വരികയായിരുന്നു. എന്നാല്‍ കപൂറിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തമായതോടെ ആമിര്‍ സിനിമയില്‍ നിന്നും പിന്‍മാറി. ആമിറിന്റെയും കിരണിന്റെയും തീരുമാനത്തെ മാനിക്കുന്നുവെന്നും മനസിലാക്കാവുന്നതാണെന്നും സുഭാഷ് പ്രതികരിച്ചിരുന്നു.