'അതേ... ഞാന്‍ അവിഹിത സന്തതിയാണ്, അതില്‍ അഭിമാനമേയുള്ളൂ'


പത്ത് വയസ്സ് മുതൽ കേള്‍ക്കുന്ന അധിക്ഷേപങ്ങളാണിത്. ഇതിലൊന്നും ഞാന്‍ തളരുകയോ തകരുകയോ ഇല്ല

ന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ ദീപാവലിക്ക് രാജ്യതലസ്ഥാനത്ത് പടക്കങ്ങളുടെ വില്‍പന നിരോധിച്ച സുപ്രീംകോടതി വിധിയെച്ചൊല്ലിയുള്ള വാദകോലാഹലങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും അറുതിയാവുന്നില്ല. എഴുത്തുകാരും സിനിമാപ്രവര്‍ത്തകരും കായികതാരങ്ങളും എന്നുവേണ്ട സകലരും ഏറ്റുപിടിച്ച് തമ്മില്‍ത്തല്ലി അന്തരീക്ഷ മലിനീകരണത്തേക്കാള്‍ വലിയ വിപത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്ഷേപങ്ങളില്‍ പലതും അക്ഷരാര്‍ഥത്തില്‍ അതിരു കടക്കുന്നവയാണ്.

ബോളിവുഡ് താരം നീന ഗുപ്തയുടെയും വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിന്റെയും മകളും ഡിസൈനറുമായ മസാബ ഗുപ്തയാണ് പരിതിവിട്ട ഇത്തരമൊരു ആക്രമണത്തിന് വിധേയയാകേണ്ടിവന്നത്. എന്നാല്‍, തന്റെ പിതൃത്വത്തെ വരെ ചോദ്യംചെയ്തുകൊണ്ട് അധിക്ഷേപിച്ചവരെ അതിലും മൂര്‍ച്ചയുള്ള വാക്കുകളിലൂടെ മറുപടി നല്‍കിയാണ് മസാബ വായടപ്പിച്ചത്.

പടക്കവില്‍പന നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന്റെ പേരിലാണ് മസാബയെ ഒരുകൂട്ടര്‍ തെറിവിളിച്ചത്. തന്തയില്ലാത്തവള്‍ എന്നും അവിഹിത വെസ്റ്റ് ഇന്ത്യന്‍ എന്നും വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അധിക്ഷേപം.

എന്നാല്‍, ഈ വൃത്തികെട്ട അധിക്ഷേപത്തില്‍ മസാബ തളര്‍ന്നില്ല. അതേനാണയത്തില്‍ തന്നെ മറുടപടി കൊടുത്തു. അതേ... ഞാനൊരു അവിഹിത സന്തതിയാണ്. എന്നാല്‍, അതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഏറ്റവും നിയമാനുസൃതമായ രണ്ട് വ്യക്തികളുടെ സൃഷ്ടിയാണ് ഞാന്‍. വ്യക്തിപരമായും തൊഴില്‍പരമായും നല്ല നിലയില്‍ എത്തിയ ആളാണ് ഞാന്‍. ഇതിലെല്ലാം അഭിമാനം കൊള്ളുകയും ചെയ്യുന്നു. പത്ത് വയസ്സ് മുതൽ കേള്‍ക്കുന്ന അധിക്ഷേപങ്ങളാണിത്. ഇതിലൊന്നും ഞാന്‍ തളരുകയോ തകരുകയോ ഇല്ല-മസാബ ട്വീറ്റ് ചെയ്തു.

മസാബയുടെ ഈ ട്വീറ്റിന് വലിയ പിന്തുണയാണ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്നത്. ലവ് യു മസാബ... നീ ഞങ്ങള്‍ക്കെല്ലാം അഭിമാനമാണ് എന്നാണ് മസാബ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന സോനം കപൂര്‍ കുറിച്ചത്.

സുപ്രീം കോടതിവിധിയെ പരസ്യമായി എതിര്‍ത്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് പക്ഷേ, മസാബ പറഞ്ഞ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കി. ഒരുപാട് പേരെ പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. ഈ ട്രോളുകള്‍ നിങ്ങളെ ബാധിക്കാതിരിക്കട്ടെ... നിങ്ങള്‍ അതിനേക്കാളെല്ലാം ഉയരത്തിലാണ്.

അതിനെ അവഗണിക്കുക. അതുവഴി നിങ്ങള്‍ കൂടുതല്‍ ശക്തയാവും എന്നാണ് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ ട്വീറ്റ് ചെയ്തത്.

മസാബയുടെ ട്വീറ്റിന്റെ സംക്ഷിപ്തം

'പടക്കങ്ങളുടെ വില്‍പന നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ പിന്തുണച്ച് കൊണ്ട് അടുത്തിടെ ഞാന്‍ ഒരു ട്വീറ്റിട്ടിരുന്നു. രാജ്യത്തെ ചെറുതും വലുതുമായ മറ്റനേകം പ്രശ്‌നങ്ങള്‍ പോലും ഇതിന്റെ പേരിലും വലിയ ട്രോളും അധിക്ഷേപങ്ങളും നടന്നു.

തന്തയില്ലാത്തവള്‍, അവിഹിത വെസ്റ്റ് ഇന്ത്യന്‍ എന്നൊക്കെയാണ് എന്നെ വിശേഷിപ്പിച്ചത്. ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമാണ് തോന്നാറുള്ളത്. ഏറ്റവും നിയമാനുസൃതമായ രണ്ട് വ്യക്തികളുടെ സൃഷ്ടിയാണ് ഞാന്‍. വ്യക്തിപരമായും തൊഴില്‍പരമായും നല്ല നിലയില്‍ എത്തിയ ആളാണ് ഞാന്‍. ഇതിലെല്ലാം അഭിമാനം കൊള്ളുകയും ചെയ്യുന്നു.

പത്ത് വയസ്സില്‍ പത്രം വായിച്ചുതുടങ്ങിയ കാലം മുതല്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നതാണ് ഈ വിശേഷണങ്ങള്‍. ഇൗ രണ്ട് വാക്കുകള്‍ എനിക്ക് അങ്ങേയറ്റത്തെ പ്രതിരോധശേഷയാണ് നല്‍കിയത്.

ഞാന്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകളും ഞാന്‍ ചെയ്യുന്ന തൊഴിലുമാണ് എന്റെ നിയമ സാധുത. നിങ്ങള്‍ എത്ര പരിശ്രമിച്ചാലും ഈ രണ്ട് കാര്യങ്ങളിലും എത്ര പരിശ്രമിച്ചാലും എനിക്കെതിരെ ഒരു ചെറുവിരല്‍ ഉയര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല.

അതുകൊണ്ട് നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നുവെങ്കില്‍ ഇനിയും എന്നെ ഇങ്ങനെ ഓരോന്നു പറഞ്ഞ് അധിക്ഷേപിച്ചുകൊണ്ടിരിക്കുക. പക്ഷേ, ഒന്നറിയുക... സമൂഹത്തിന് കൈകാര്യം ചെയ്യാന്‍ പറ്റാത്ത ഒരു കാര്യത്തില്‍ തളരുകയോ തകരുകയോ ചെയ്യാത്ത, അഭിമാനിയായൊരു ഇന്‍ഡോ കരീബിയന്‍ പെണ്‍കുട്ടിയാണ് ഞാന്‍. അതെന്റെ നിയമാനുസൃതമുള്ള ജനിതകഘടനയിലുള്ളതാണ്.'

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram