തൃശ്ശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യര്‍ക്ക് ആദരാഞ്ജലികര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയും എത്തി. കഴിഞ്ഞ ദിവസമാണ് ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് മാധവ വാര്യര്‍ അന്തരിച്ചത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവരും വീട്ടിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.
അച്ഛന്‍ മാധവവാര്യര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ മഞ്ജു വാര്യര്‍ക്ക് നഷ്ടമായത് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും താങ്ങും തണലുമായി നിന്ന അടുത്ത സുഹൃത്തിനെ കൂടിയാണ്. സാമ്പത്തിക ഞെരുക്കള്‍ക്കിടയിലും മഞ്ജുവാര്യരുടെ കലാസ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കിയത് മാധവവാര്യരായിരുന്നു. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍കൊണ്ടു കൊരുത്തതാണ് തന്റെ ചിലങ്കയെന്ന് മഞ്ജു വാര്യര്‍ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സമുദ്രക്കനിയുടെ തമിഴ് ചിത്രം അപ്പായ്ക്കുള്ള ഒരു പ്രൊമോഷന്‍ വീഡിയോയില്‍ മഞ്ജു അച്ഛനെക്കുറിച്ച് പറഞ്ഞപ്പോള്‍ വികാരാധീനയായത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അമ്മയുടെ പാഷനും അച്ഛന്റെ ത്യാഗവുമാണ് തന്നെ നര്‍ത്തകിയാക്കിയതെന്ന് അവര്‍ പറയാറുണ്ടായിരുന്നു.
സ്ഥലംമാറ്റത്തിന് അനുസരിച്ച് നാട് മാറുമ്പോള്‍ അടുത്ത് സ്‌കൂള്‍ ഉണ്ടോ എന്നതിനേക്കാള്‍ നൃത്തം പഠിപ്പിക്കാന്‍ നല്ല ആളുകളെ കിട്ടുമോ എന്നാണ് മാധവവാര്യര്‍ അന്വേഷിച്ചിരുന്നത്. ചിട്ടി പിടിച്ചും സ്വര്‍ണം വിറ്റും കടം വാങ്ങിയും അച്ഛന്‍ തന്നെ യുവജനോത്സവങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിട്ടുണ്ട്.
Content Highlights : manju warrier father died dileep with meenakshi last tribute to manju warrier's father
Share this Article
Related Topics