സിനിമാപ്രേമികളുടെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ കുഞ്ഞാലി മരയ്ക്കാര്‍ വരുന്നു. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുക്കെട്ടായ മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീം കുഞ്ഞാലി മരയ്ക്കാരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം ഒരുക്കുന്നുണ്ടെന്ന വാര്‍ത്തയും വന്നിരുന്നു. അതിനിടയിലാണ് ഓഗസ്റ്റ് സിനിമാസ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്.
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം ഒന്നിച്ച 'ഒപ്പം' കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. 10 മാസത്തിനുള്ളില്‍ കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തങ്ങള്‍ നടത്തുമെന്ന സൂചനയാണ് പ്രിയദര്‍ശന്‍ നല്‍കുന്നത്.
ഞാനും ലാലും ഒരുമിച്ച് ഒരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞാലിമരയ്ക്കാരെ കുറിച്ചുള്ള ചിത്രമെടുക്കാന്‍ ചരിത്രം ആഴത്തില്‍ അറിയേണ്ടതുണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു. പൂര്‍ണമാകാന്‍ പത്ത് മാസമെങ്കിലും ചെലവിടേണ്ടി വരും.
യഥാര്‍ഥ സംഭവങ്ങളും ഭാവനയും കലര്‍ത്തിയായിരിക്കും കുഞ്ഞാലി മരയ്ക്കാര്‍ ഒരുക്കുന്നത്. കാരണം ആ കാലഘട്ടത്തിലെ പല വിവരങ്ങളും ലഭ്യമല്ല. വളരെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമയാണിത്- ടൈംസ് ഓഫ് ഇന്ത്യയോട് പ്രിയദർശൻ പറഞ്ഞു.
ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെക്കുറിച്ചുള്ള ചിത്രമാണ്. 1498 - ല്‍ ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസുകാരുമായി ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് കുഞ്ഞാലി മരക്കാന്മാരാണെന്ന് ചരിത്രം പറയുന്നു.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ ഒരു ചിത്രം ഇറങ്ങിയിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ പരീക്കുട്ടി നിര്‍മിച്ച് എസ്.എസ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരൻ നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചത്. പ്രേം നസീറും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
Content Highlights: Kunjali Marakkar, Mammootty, Mohanlal, Priyadarshan, Kunjali Marakkar movie, Santhosh Sivan, August Cinema, Sankar Ramakrishnan