ഐ.എ.എസ് എന്ന് പറഞ്ഞാല്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഇപ്പോഴും 'ഇരുട്ട് അടി സര്‍വീസ്' ആണ്. ഇരുട്ടിനെ മറയാക്കി രക്ഷയ്‌ക്കെത്തുന്ന കാവല്‍ മാലാഖ, മായാവി. മഹി എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്താടിയ ചിത്രം. 2007-ല്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മായാവി മലയാള സിനിമയിലെ മിന്നുന്ന ബോക്‌സോഫീസ് വിജയങ്ങളില്‍ ഒന്നാണ്. മായാവിയുടെ പിന്നണി കഥകള്‍ പങ്കുവച്ചുകൊണ്ട് സംവിധായകന്‍ ഷാഫി മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.
"എന്റെ ആദ്യ സിനിമയായ വണ്‍മാന്‍ ഷോയ്ക്ക് തിരക്കഥ എഴുതിയത് റാഫി മെക്കാര്‍ട്ടിനായിരുന്നു. അത് കഴിഞ്ഞു ആറ് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അവരോട് അടുത്തൊരു തിരക്കഥ ചോദിക്കുന്നത്. റാഫിയും മെക്കാര്‍ട്ടിന്‍ ചേട്ടനും ചേര്‍ന്ന് പുതിയ സിനിമയുടെ വണ്‍ലൈനുണ്ടാക്കി. വൈശാഖ് രാജനായിരുന്നു നിര്‍മാണം. ആന്റോ ജോസഫ് ആണ് പറഞ്ഞത് മമ്മൂക്കയുടെ അടുത്ത് കഥ ഒന്ന് സൂചിപ്പിച്ചു നോക്കാം എന്ന്. 'ഇരുട്ട് അടി സര്‍വീസ്', ഐ.എ.എസ്' എന്നൊക്കെ പറഞ്ഞു പുതിയ രീതിയിലുള്ള അവതരണമാണ് നടത്തിയത്.
മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോള്‍ ചെറിയ സംശയവും പേടിയുമുണ്ടായിരുന്നു. കാരണം സിനിമയിലെ ഹീറോ ഇരുട്ടടിക്കാരനാണ്, പ്രേക്ഷകര്‍ക്ക് മുന്നില്‍ അയാളൊരു ഹീറോ ആണെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ മഹിക്ക് ഒരു വിലയുമില്ല. സലിം കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമടക്കം അയാളെ പേടിപ്പിച്ചു നിര്‍ത്തുകയാണ്. മെഗാസ്റ്റാര്‍ പദവിയിലിരിക്കുന്ന മമ്മൂക്കയ്ക്ക് ഇത് ഇഷ്ടമാകുമോ എന്നതായിരുന്നു പേടി. ആദ്യ കേള്‍വിയില്‍ തന്നെ അദ്ദേഹം സമ്മതം മൂളി.'
Content Highlights : Mammootty Mayavi Movie Directed by Shafi Mathrubhumi Star And Style