സിനിമാപ്രേമികളുടെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ കുഞ്ഞാലി മരയ്ക്കാര്‍ വരുന്നു. ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് അറിയിച്ചുകൊണ്ട് മമ്മൂട്ടി തന്നെയാണ് വീരയോദ്ധാവായ കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിക്കുക എന്നുറപ്പായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കേരളപ്പിറവി ദിവസം പുറത്തിറങ്ങി.
സന്തോഷ് ശിവനാണ് ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെക്കുറിച്ചുള്ള ചിത്രമാണ്. 1498 - ല്‍ ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസുകാരുമായി ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് കുഞ്ഞാലി മരക്കാന്മാരാണെന്ന് ചരിത്രം പറയുന്നു.
കുഞ്ഞാലിമരയ്ക്കാർ യാഥാർഥ്യമാകുമ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ചരിത്രപുരുഷന്മാരെ അവതരിപ്പിച്ചതിന്റെ ബഹുമതി മമ്മൂട്ടിക്ക് സ്വന്തമാവും. വൈക്കം മുഹമ്മദ് ബഷീർ, പഴശ്ശിരാജ, ഡോ. അംബേദ്കർ, വടക്കൻപാട്ടിലെ ചന്തു എന്നിവയെല്ലാം മമ്മൂട്ടിയുടെ തിളക്കമാർന്ന കരിയറിലെ സുപ്രധാന വേഷങ്ങളായിരുന്നു.
വള്ളുവനാടിന്റെ വീര ചരിത്രം പറയുന്ന മാമാങ്കം എന്ന ചിത്രത്തിലും അഭിനയിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മമ്മൂട്ടി.
Content Highlights: Mammootty, Kunjali Marakkar, Santhosh Sivan, Sankar Ramakrishnan, kunjali marakkar Movie