ഇതിഹാസ പുരുഷന്‍ കുഞ്ഞാലി മരയ്ക്കാരെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ ചിത്രമൊരുക്കുമ്പോള്‍ മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത് പ്രിയദര്‍ശനാണ്.
മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം തന്നെ വാര്‍ത്തകളിൽ ഇടംപിടിച്ച മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ സംശയമുണര്‍ന്നു. ഇതിന് പ്രതികരണവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ വന്നതിന് തൊട്ടുപിന്നാലെ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയും രംഗത്തെത്തിയിരിക്കുകയാണ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാരിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് സന്തോഷ് ടി. കുരുവിള പറയുന്നു. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും അഞ്ചു ഭാഷകളിലായി ചിത്രം ഒരുക്കുമെന്നും കുരുവിള ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ വ്യക്തമാക്കി.
മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാര്‍ രണ്ടാമന്റെ ചരിത്രമായിരിക്കും പറയുക. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് റിപ്പോര്‍ട്ടുകളും ഉണ്ട്. പ്രിയദര്‍ശന്‍ തമിഴില്‍ സംവിധാനം ചെയ്യുന്ന നിമിറിന്റെ നിര്‍മാതാവാണ് സന്തോഷ്. മലയാള ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ റീമേക്കാണ് നിമിര്‍.
Content Highlights: Mammootty, Mohanlal, KunjaliMarakkar, Santhosh Sivan, Priyadarshan, Malayalam Movie, Mathrubhumi, Movie News