നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നാലടി പൊക്കക്കാരനാകുന്നു. മമ്മൂട്ടി ഇതുവരെ ചെയ്ത കാഥാപാത്രങ്ങളില്‍ നിന്ന് തീർത്തും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരനായ ഒരു വ്യക്തിയായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഭാര്യയ്ക്ക് നാലടിക്കാരനായ ഇയാളേക്കാൾ പൊക്കമുണ്ട്. ഈ ചെറിയ മനുഷ്യന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ.
അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളിലെപ്പോലെ നര്‍മത്തില്‍ ഊന്നിയാണ് നാദിർഷ ഈ മമ്മൂട്ടി ചിത്രവും ഒരുക്കിയരിക്കുന്നത്. എന്നാല്‍, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളുള്ള, ആഴമുള്ള കഥയാണ്. പ്രേക്ഷര്‍ക്ക് ഇതൊരു വ്യത്യസ്ത അനുഭവമായിരിക്കും. ആറടിയിലേറെ പൊക്കമുള്ള മമ്മൂട്ടിയെ നീളം കുറച്ച് അവതരിപ്പിക്കാന്‍ സിജിഐ പോലുള്ള മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും-ബെന്നി പി നായരമ്പലം പറഞ്ഞു.
കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, സൗണ്ട് തോമ, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ദിലീപ് ചിത്രങ്ങളിലൂടെ പരമ്പരാഗത നായക സങ്കല്‍പങ്ങളെ തകര്‍ത്തെറിഞ്ഞിട്ടുള്ള തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം.
സൂര്യമാനസം, പൊന്തൻമാട, മൃഗയ, ഡോ. അംബേദ്കർ, ഡാനി, സാമ്രാജ്യം, പാലേരി മാണിക്യം തുടങ്ങിയവയാണ് മമ്മൂട്ടി വ്യത്യസ്തമായ മേക്കോവറിൽ പ്രത്യക്ഷപ്പെട്ട ചില ചിത്രങ്ങൾ.