ഒരു പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന്റെ ഹൈലൈറ്റും വീരസ്യമുള്ള മമ്മൂട്ടിയുടെ വേഷം തന്നെ. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്.
ചാവേറുകളുടെ ചോരപുരണ്ട ഇതിഹാസമായിമാറിയ വള്ളുവനാട്ടിലെ മാമാങ്കമഹോത്സവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിലെ ഒരു യുദ്ധ രംഗമാണ് പോസ്റ്ററിലെന്നാണ് സൂചനകള്‍. പ്രായത്തെ വെല്ലുന്ന ലുക്കില്‍ മെഗാസ്റ്റാറിനെയും ഒപ്പം യുവാക്കള്‍ക്കിടയിലെ മസില്‍മാനായ ഉണ്ണി മുകുന്ദനെയും ഒരുമിച്ചൊരു ഫ്രെയിമില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന പ്രതീക്ഷകള്‍ ചെറുതല്ല.
പത്തുകോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. വാളും പരിചയുമേന്തി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ശത്രുക്കള്‍ക്കുനേരെ പാഞ്ഞടുക്കുന്നതായാണ് പോസ്റ്ററില്‍. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു.
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. എം. പത്മകുമാര്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
Content Highlights : Mamankam first look poster, Mammooty, Unni Mukundan, M Padmakumar