മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന മാമാങ്കം എന്ന സിനിമയുടെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി. തിരക്കഥാകൃത്ത് സജീവ് പിള്ള നല്‍കിയ ഹര്‍ജിയാണ് എറണാകുളം ജില്ലാ കോടതി തളളിയത്.
മാമാങ്കത്തിന്റെ സംവിധായകനായിരുന്ന തന്നെ ഒഴിവാക്കിയെന്നാരോപിച്ച് സിനിമയുടെ ചിത്രീകരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സജീവ് പിള്ള കോടതിയെ സമീപിച്ചിരുന്നു. എം പദ്മകുമാറാണ് നിലവില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ മാമാങ്കം സിനിമയുടെ പൂര്‍ണാവകാശം സജീവ് പിള്ള, നിര്‍മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടത്തി. ഇതെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.
തിരക്കഥയ്ക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയതായും വേണു കുന്നപ്പള്ളി കോടതിയെ അറിയിച്ചു. സംവിധായകനെന്ന നിലയില്‍ സജീവ് പിള്ളയുടെ പരിചയക്കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് നിര്‍മാതാവ് പറയുന്നു. ആദ്യ ഷെഡ്യൂളില്‍ അദ്ദേഹം ചിത്രീകരിച്ച ഒരു മണിക്കൂര്‍ രംഗങ്ങളില്‍ പത്തു മിനിറ്റ് പോലും സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലായിരുന്നുവെന്നും നിര്‍മാതാവ് വാദിച്ചു. 13 കോടി രൂപയാണ് ഇതു മൂലം നഷ്ടമുണ്ടായതെന്നും ഈ രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കേണ്ട സാഹചര്യവുമുണ്ടായെന്നും നിര്‍മാതാവ് കോടതിയെ അറിയിച്ചു.
ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ തന്റെ ഭാഗത്ത് നിന്ന് എതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചാല്‍ തന്നെ സിനിമയില്‍ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിര്‍മാതാവുമായി ഒന്നര വര്‍ഷം മുമ്പ് തന്നെ ഒപ്പു വച്ചിരുന്ന കരാറും കാവ്യ ഫിലിംസിനു വേണ്ടി കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 കോടിയോളം ചെലവഴിച്ചാണ് മാമാങ്കം ചിത്രീകരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, കനിഹ, അനു സിത്താര, അബു സലിം തുടങ്ങി വന്‍താരനിരയാണ് മാമാങ്കത്തില്‍ അണിനിരക്കുന്നത്.
Content Highlights: mamangam movie controversy court dismisses sajeev pilla plea mammootty movie mamamkam