പൊന്തന്‍മാടയില്‍ നിന്ന് ഭാസ്‌ക്കരപട്ടേലറിലേക്കും വാറുണ്ണിയില്‍ നിന്ന് ബെന്‍ നരേന്ദ്രനിലേക്കും ചന്തുവില്‍നിന്ന് പഴശ്ശിരാജയിലേക്കും നടത്തുന്ന കൂടുമാറ്റങ്ങളാണ് മമ്മൂട്ടിയെന്ന നടനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്. സുന്ദരമായ തന്റെ രൂപത്തിനോ സ്ഥായിയായ ഭാവങ്ങള്‍ക്കോ യോജിക്കാത്ത എത്രയോ കഥാപാത്രങ്ങളെ അദ്ദേഹം തന്‍മയത്വത്തോടെ അവതരിപ്പിച്ചു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കഥാപാത്രങ്ങള്‍ക്കു വേണ്ടി രൂപ, ഭാവങ്ങളില്‍ അദ്ദേഹം വരുത്തുന്ന പരിണാമങ്ങള്‍ (മേക്കപ്പ് കൊണ്ടല്ല) ഇന്ത്യന്‍ സിനിമയിലെ മറ്റേത് അഭിനേതാവിനും അസാധ്യമായതാണ്.
റിലീസിനൊരുങ്ങുന്ന മാമാങ്കത്തില്‍ മമ്മൂട്ടി ജീവന്‍ നല്‍കിയിരിക്കുന്നത് അത്തരമൊരു കഥാപാത്രത്തിനാണെന്നാണ് ആ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ പെണ്‍വേഷമണിഞ്ഞും അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്. പൗരുഷം തുടിക്കുന്ന തന്റെ ശരീരഘടനയ്ക്ക് ഒട്ടും യോജിക്കാത്ത വേഷങ്ങള്‍ സ്വീകരിക്കുകയും ആ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നതു കൊണ്ടാണ് ഇത്ര ദീര്‍ഘമായ ഒരു സിനിമാ കരിയര്‍ അദ്ദേഹത്തിന് സാധ്യമാവുന്നത്. 38 വര്‍ഷമായി ഈ നടന്‍ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇപ്പോഴും നായകവേഷങ്ങള്‍ തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. ഇത്രയും ദീര്‍ഘകാലം നായകവേഷങ്ങള്‍ അവതരിപ്പിച്ച അഭിനേതാക്കള്‍ ലോകസിനിമയില്‍ തന്നെ വിരളമാവും.
ചരിത്രവും വാമൊഴി മിത്തുകളും ഇതിവൃത്തമാക്കിയ സിനിമകള്‍ മമ്മൂട്ടിയുടെ കരിയറില്‍ ഏറെയുണ്ട്. ഐ.വി. ശശിടി. ദാമോദരന്‍ ടീമിന്റെ 1921, എം.ടി.ഹരിഹരന്‍ സഖ്യത്തിന്റെ വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയവ ഇത്തരം സിനിമകളാണ്. ഇതിനു പുറമേ അംബേദ്കറുടെ ജീവിതം ആധാരമാക്കി നിര്‍മിച്ച ഇംഗ്ലീഷ്ഹിന്ദി സിനിമയായ അംബേദ്കറിലും അദ്ദേഹം വേഷമിട്ടിരുന്നു. മൂന്നു മലയാള സിനിമകളും തിയേറ്ററുകളില്‍ വന്‍വിജയമായി മാറി. അംബേദ്കറിലെയും ഒരു വടക്കന്‍ വീരഗാഥയിലെയും അഭിനയമികവിന് മമ്മൂട്ടിയെത്തേടി ദേശീയ അവാര്‍ഡ് എത്തി.
ഇപ്പോള്‍ മിത്തും ചരിത്രവും ഇടകലര്‍ത്തി രൂപപ്പെടുത്തിയ സിനിമയിലാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. 13 മുതല്‍ 18 വരെ നൂറ്റാണ്ടുകളില്‍ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ മകരം, കുംഭം മാസങ്ങളിലായി നടന്നിരുന്ന കാര്‍ഷികവ്യവസായ ഉത്സവമായിരുന്ന മാമാങ്കത്തിന്റെ ചുവടുപിടിച്ച് എഴുതിയ തിരക്കഥയാണ് സിനിമയുടേത്. തുടക്കത്തില്‍ മാമാങ്കത്തിന്റെ അധ്യക്ഷപദം വള്ളുവക്കോനാതിരിക്കായിരുന്നു. പിന്നീട് സാമൂതിരി ഈ സ്ഥാനം കൈയടക്കി. അതോടെ ഇരുഭരണാധികാരികളുടെയും പടയാളികള്‍ തമ്മില്‍ ദീര്‍ഘകാലം നീണ്ടുനിന്ന പോരിന് തുടക്കമായി. ഒട്ടേറെ ചാവേറുകള്‍ ചോരചിന്തി. ഓരോ മാമാങ്കത്തിനും സാമൂതിരിയെ വധിക്കാന്‍ വള്ളുവക്കോനാതിരി ചാവേറുകളെ മാമാങ്ക ഭൂമിയിലേക്ക് അയച്ചുകൊണ്ടിരുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഉത്സവം ഒരു മാസം നീളും. സാമൂതിരി രാജാവ്, നിലപാടുതറ എന്നറിയപ്പെടുന്ന ഭാഗത്താണ് ഇരുന്നിരുന്നത്. ചുറ്റും വലിയ സൈന്യ വ്യൂഹമുണ്ടാകും. അങ്ങോട്ടേക്ക് ചെന്ന് കൊല്ലപ്പെടുന്ന ചാവേറുകളുടെ ജഡം ആനകളെ ഉപയോഗിച്ച് മണിക്കിണറില്‍ തള്ളിയിരുന്നു. ഇതാണ് മാമാങ്കത്തിന്റെ ചരിത്രം. കൊല്ലപ്പെടുമെന്ന് ഉറപ്പായിട്ടും യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് മാമാങ്കം അഭ്രപാളിയിലാക്കിയിരിക്കുന്നത്. സാമൂതിരിയുടെ തല കൊയ്യാനായെത്തുന്ന ചാവേര്‍ പോരാളിയുടെ വേഷത്തിലാണ് മാമാങ്കത്തില്‍ മമ്മൂട്ടി സ്‌ക്രീനില്‍ നിറയുക. മലയാളം കണ്ട മികച്ച വാര്‍മൂവി എന്ന വിശേഷണത്തിലെത്തുന്ന മാമാങ്കത്തില്‍ ബോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫറായ ശ്യാം കൗശലാണ് സംഘട്ടനരംഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. യുദ്ധരംഗങ്ങളിലെ മമ്മൂട്ടിയുടെ മെയ്‌വഴക്കം അസാധ്യമാണെന്നാണ് ശ്യാം കൗശലിന്റെ അഭിപ്രായം. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും ബാലതാരമായ അച്യുതനും കളരി അഭ്യാസികളായ ചാവേറുകളായെത്തുന്നു. പ്രാചി ടെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ തുടങ്ങി നാല് നായികമാരും ചിത്രത്തിലുണ്ട്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ
മലയാളത്തില്‍ ഇന്നോളം പൂര്‍ത്തിയാക്കിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ സിനിമയാവും മാമാങ്കം. ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലും ഈ സിനിമ റിലീസാവുന്നുണ്ട്. ഈ സിനിമയ്ക്കായി മൂന്ന് നൂറ്റാണ്ട് മുമ്പുള്ള കാലത്തെ പുന:സൃഷ്ടിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. കണ്ണൂരിലെ കണ്ണവം വനം, അതിരപ്പിള്ളി, വാഗമണ്‍, ഒറ്റപ്പാലം വരിക്കാശ്ശേരിമന, എറണാകുളത്തെ കളമശ്ശേരി, മരട്, നെട്ടൂര്‍ എന്നിവിടങ്ങളിലായാണ് സിനിമ ഷൂട്ട് ചെയ്തത്. മരടിലെ എട്ടേക്കര്‍ സ്ഥലത്ത് വലിയ മാളിക നിര്‍മിച്ച് ഗാനരംഗങ്ങളും മറ്റും ചിത്രീകരിച്ചു. ഈ മാളിക ഉണ്ടാക്കുന്നതിന് തന്നെ അഞ്ചുകോടിയലധികം രൂപ ചെലവായി. ഇതിനായി നാലുമാസത്തോളം ആയിരം തൊഴിലാളികള്‍ ജോലിചെയ്തു. പടനിലം ഉള്‍പ്പെടെ നെട്ടൂരില്‍ സെറ്റിട്ടത് പത്ത് കോടിയിലധികം ചെലവഴിച്ചിരുന്നു. മുള, പനയോല, പുല്ല്, കയര്‍, കവുങ്ങ് തുടങ്ങിയവയാണ് നിര്‍മാണത്തിനായി പ്രധാനമായും ഉപയോഗിച്ചത്.
പ്രസിദ്ധ സംവിധായകന്‍ പത്മകുമാര്‍ കഠിനാധ്വാനം ചെയ്ത് പൂര്‍ത്തിയാക്കിയ സിനിമയാണിത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് അവലംബിത തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിച്ചിരിക്കുന്നത്.
മാമാങ്കം എന്ന ബിഗ്ബജറ്റ് സിനിമ ചരിത്രത്തില്‍നിന്ന് ചീന്തിയെടുത്ത ഒരേടുമാത്രമല്ല, മമ്മൂട്ടി എന്ന നടന്റെ രൂപാന്തരങ്ങളുടെ വിസ്മയക്കാഴ്ചകള്‍ കൂടിയാണ്.
(മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Mamangam Mammootty Padmakumar Malayalam Movie