ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാമാങ്കത്തിന്റെ ടീസര്‍ പുറത്ത്. മുന്നൂറുകൊല്ലം മുമ്പത്തെ കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നതാണ് ചിത്രം.
ദേശാഭിമാനത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്നതാണ് ചിത്രം. ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കമഹോത്സവത്തില്‍ അറബി, യവന, ചീന, ആഫ്രിക്കന്‍ വ്യാപാരികള്‍വരെ കച്ചവടത്തിനെത്തിയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.
മാമാങ്കമഹോത്സവത്തിന്റെ അധ്യക്ഷപദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. അതില്‍ അസൂയപൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാരഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്കമഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോരപുരണ്ട ഇതിഹാസമായിമാറിയത്. ഈ ചരിത്രത്തോട് നീതിപുലര്‍ത്തുന്ന അന്തരീക്ഷത്തില്‍ ഒരുക്കിയ പടുകൂറ്റന്‍ സെറ്റിന്റെ വിശേഷങ്ങളെല്ലാം നേരത്തെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു.
പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്., അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.
Content Highlights : Mamangam malayalam movie teaser