കൊച്ചി : മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു.
മമ്മൂട്ടി, മുന്‍ സുപ്രീം കോടതി ജഡ്ജ് സിറിയക് ജോസഫ്,സംവിധായകന്‍ ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഡിയോ ലോഞ്ച് നിര്‍വഹിച്ചത്.
സിനിമ താരങ്ങളായ ടൊവിനോ തോമസ്, സംയുക്ത മേനോന്‍,അനു സിതാര, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, പ്രാചി ടെഹ്ലാന്‍, സംവിധായകന്‍ ലാല്‍ ജോസ്, ഹരിഹരന്‍, എം.ജയചന്ദ്രന്‍,സോഹന്‍ റോയ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
മാമാങ്കം ഒരു ക്ളാസ് സിനിമയായിരിക്കുമെന്നും തലമുറകളായി കൈമാറി വന്ന പ്രതികാരത്തിന്റെ കഥയാണ് പറയുന്നതെന്നും ചരിത്രത്തോട് നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കുമെന്നും മമ്മൂട്ടി ഓഡിയോ ലോഞ്ചിന് ശേഷം പറഞ്ഞു.
ദേശാഭിമാനത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥയാണ് മാമാങ്കം പറയുന്നത്. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു.
പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, അനു സിതാര, കനിഹ, ഇനിയ, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.
Content Highlights : Mamangam Audio Launch Mammootty M Padmakumar Unni Mukundan