കൊച്ചി: തിയറ്റര്‍ വിഹിതം സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും തിയറ്റര്‍ ഉടമകളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് ഇപ്പോള്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററില്‍നിന്ന് പിന്‍വലിക്കുമെന്ന വാര്‍ത്തകളെ തള്ളി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ക്രിസ്മസ് റിലീസുകള്‍ ഉണ്ടാകില്ലെന്നുള്ള പ്രഖ്യാപനത്തിനൊപ്പമാണ് നിലവില്‍ തിയറ്ററിലുള്ള സിനിമകള്‍ കൂടി പിന്‍വലിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമുണ്ടായത്. തിയറ്റര്‍ വിഹിതം സംബന്ധിച്ച തര്‍ക്കത്തില്‍ നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ നില്‍ക്കുന്ന തിയറ്റര്‍ ഉടമകളെ സമ്മര്‍ദത്തിലാക്കുന്നതിനായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കൂടി പിന്‍വലിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.
'ഒക്ടോബര്‍ ഏഴിന് തിയറ്ററുകളിലെത്തിയ പുലിമുരകന്‍ 75 ദിവസത്തെ പ്രദര്‍ശനം പിന്നിടുമ്പോഴും കളക്ഷന്റെ കാര്യത്തില്‍ പിന്നോട്ട് പോയിട്ടില്ലെന്ന് പുലിമുരുകന്റെ നിർമാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ മകന്‍ റോമിന്‍ മുളകുപാടം പറഞ്ഞു. ഈ സാഹചര്യത്തില്‍ ക്രിസ്മസിന് ചിത്രം തിയറ്ററുകളില്‍നിന്ന് പിന്‍വലിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പുലിമുരുകന്‍ തിയറ്ററില്‍നിന്ന് മുളകുപാടം ഫിലിംസ് പിന്‍വലിക്കുന്നില്ല. സിനിമ ഓടുന്നിടത്തോളം കാലം തിയറ്ററുകല്‍ തുടരുമെന്നും റോമിന്‍ പറഞ്ഞു.
25 കോടി രൂപയോളം കളക്ഷന്‍ നേടിയ ചിത്രമായ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ തിയേറ്ററുകളില്‍നിന്ന് പിന്‍വലിക്കുന്നത് എന്നത് വ്യാജവാര്‍ത്തയാണെന്ന് ചിത്രത്തിന്റെ സംവിധായകനായ നാദിര്‍ഷ അറിയിച്ചു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലാണ് ചിത്രം തിയേറ്ററുകളില്‍നിന്ന് പിന്‍വലിക്കുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് അറിയിച്ചത്. ക്രിസ്മസ് ആഘോഷിക്കാനായി തിയറ്ററുകളില്‍ കട്ടപ്പനയിലെ ഋത്വിക്ക് റോഷനും ഉണ്ടാകുമെന്ന് നാദിര്‍ഷാ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സിനിമാ സമര പ്രഖ്യാപനത്തിന് മുന്‍പായി ഇറങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരാനാണ് സാധ്യത. ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ ആനന്ദം, ഒപ്പം, ഒരേമുഖം തുടങ്ങിയ ചിത്രങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ദംഗല്‍ ഉള്‍പ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളും സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയുടെ റിലീസ് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
അതിനിടെ തിയറ്റര്‍ വിഹിതം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ രണ്ടുവട്ടം പരാജയപ്പെട്ടെങ്കിലും ഇനിയും ചര്‍ച്ചകള്‍ നടക്കാൻ സാധ്യതയുണ്ടെന്ന് അറിയുന്നു. ക്രിസ്മസ് റിലീസ് ചിത്രങ്ങള്‍ പരസ്യങ്ങള്‍ നല്‍കുന്നതും പ്രമോഷന്‍ ഇവന്റുകള്‍ നടത്തുന്നതും നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നിര്‍മാതാക്കള്‍ക്ക് റിലീസ് സാധ്യമായേക്കുമെന്ന പ്രതീക്ഷയുണ്ട്.