ബോളിവുഡ് താരങ്ങളിലെ എക്കാലത്തെയും വിവാദ പുരുഷനാണ് സഞ്ജയ് ദത്ത്. തീവ്രവാദ ബന്ധം ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട സഞ്ജയ് ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ഇത്തവണ സഞ്ജയ് വാര്‍ത്തകളിൽ ഇടം നേടിയിരിക്കുന്നത് താന്‍ ഒരുകാലത്ത് മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന വെളിപ്പെടുത്തലിലൂടെയാണ്. ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ഭീകരമായ ഭൂതകാലത്തെക്കുറിച്ച് തുറന്ന് പറയുന്നത്.
സഞ്ജയ് ദത്തിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
ഞാന്‍ ലഹരിക്ക് അടിമപ്പെട്ട കാലത്ത് ഒരു കിലോഗ്രാം ഹെറോയിന്‍ ഷൂവില്‍ ഒളിപ്പിച്ച് വിമാനത്തില്‍ കടത്തിയിരുന്നു. എന്റെ രണ്ട് സഹോദരിമാര്‍ക്ക് ഒപ്പമായിരുന്നു ആ യാത്ര. ഞാന്‍ അന്ന് പിടിക്കപ്പെട്ടിരുന്നുവെങ്കില്‍ എന്റെ സഹോദരിമാരുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ഭയം തോന്നുന്നു.
കൊക്കെയ്ന്‍ നമ്മളില്‍ ഭ്രാന്തമായ ഒരു ആവേശം നിറക്കും. പിന്നീട് അതടക്കാന്‍ മദ്യം കഴിക്കേണ്ടി വരും. ഒരിക്കല്‍ കൊക്കെയ്ന്‍ ഉപോയോഗിച്ച് മദ്യം കഴിച്ച് ഞാന്‍ വീട്ടിലെത്തി. വിശപ്പു തോന്നിയ ഞാന്‍ വീട്ടിലെ ജോലിക്കാരനോട് ഭക്ഷണം ആവശ്യപ്പെട്ടു. അയാളുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ഭക്ഷണം കഴിച്ചിട്ട് ഏകദേശം രണ്ട് ദിവസം പിന്നിട്ടിരുന്നുവെന്ന്. തകര്‍ന്നുപോയ ഞാന്‍ കണ്ണാടിയില്‍ നോക്കി. ശരീരം ക്ഷീണിച്ച് മൃതപ്രായനായിരിക്കുന്നപ്പോലെ തോന്നി. ആ നിമിഷം തന്നെ പിതാവിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടു. എന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. പിതാവ് അന്നുതന്നെ എന്നെ അടുത്തുള്ള പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്നു യു.എസിലേക്കും പോയി. പിന്നീടൊരിക്കലും എന്റെ ജീവിതത്തില്‍ മയക്കുമരുന്നു തൊട്ടിട്ടില്ല-സഞ്ജയ് പറയുന്നു.
എനിക്ക് ഒരുകാലത്ത് പെണ്‍കുട്ടികളോട് മിണ്ടാന്‍ ഭയമായിരുന്നു. ഈ ഭയത്തെ മറികടക്കാനാണ് മയക്കുമരുന്നു ഉപയോഗിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അവരോട് നന്നായി മിണ്ടാന്‍ എനിക്ക് സാധിച്ചിരുന്നുവെങ്കിലും സ്വയം നശിക്കുകയായിരുന്നു-സഞ്ജയ് കൂട്ടിച്ചേര്‍ത്തു.