കോമഡിഷോകളിലൂടെയും മിമിക്രയിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ നാദിര്‍ഷ സംവിധായകന്റെ മേലങ്കിയണിഞ്ഞപ്പോള്‍ മലയാളി സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം അത്ഭുതപ്പെട്ടു. ഏറെ ആഘോഷങ്ങളില്ലാതെ എത്തിയ 'അമര്‍ അക്ബര്‍ ആന്റണി' തിയ്യറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ കയ്യടികളോടുകൂടിയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്. ആദ്യ പകുതിയില്‍ മുഴുനീള കോമഡി കൈകാര്യം ചെയ്ത ചിത്രം രണ്ടാം പകുതി എത്തിയപ്പോള്‍ വഴിമാറി. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു പ്രശ്‌നത്തെ അതീവ ഗൗരവത്തോടെ ജനങ്ങളിലെത്തിക്കുന്നതില്‍ നാദിര്‍ഷയിലെ സംവിധായകന്‍ പൂര്‍ണമായും വിജയിച്ചു. ഇപ്പോഴിതാ നാദിര്‍ഷയുടെ രണ്ടാമത്തെ സംവിധാന സംരംഭം 'കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍' തിയ്യറ്ററുകളില്‍ നിറഞ്ഞോടുകയാണ്.
ഈ രണ്ടു ചിത്രങ്ങളും തനിക്ക് വേണ്ടി എഴുതിയതല്ലെന്ന് നാദിര്‍ഷ ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈ രണ്ട് ചിത്രങ്ങളും എനിക്ക് വേണ്ടി എഴുതിയതായിരുന്നില്ല. മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതായിരുന്നു. എന്നാല്‍ കഥയെഴുതി പൂര്‍ത്തിയായപ്പോള്‍ ആ സംവിധായകന് ഇഷ്ടമായില്ല. അങ്ങനെയാണ് തിരക്കഥാകൃത്തുക്കള്‍ എന്റെ മുന്‍പിലെത്തുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെടുകയും ഞാന്‍ സംവിധാനം ചെയ്യാം എന്ന് തീരുമാനിക്കുകയും ആയിരുന്നു.
കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ ആദ്യം അഭിനയിക്കാമെന്ന് സമ്മതിച്ച നടന്‍ പിന്‍മാറിയപ്പോള്‍ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്ണന്‍ ആ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. അപ്പോഴാണ് വിഷ്ണു എന്റെ അടുത്തെത്തുന്നത്. ഈ സിനിമയിലെ നായകനെ തിരക്കഥാകൃത്തില്‍ തന്നെ കാണുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങിനെയാണ് ഹൃത്വിക് റോഷന്‍ ഉണ്ടായത്- നാദിര്‍ഷ പറയുന്നു.
അഭിമുഖത്തിന്റെ പൂര്‍ണ രൂപം