കൊച്ചി: ചില്ലറ ക്ഷാമത്തിന്റെ പേരില്‍ റിലീസ് മാറ്റി വെച്ച നാദിര്‍ഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ വെള്ളിയാഴ്ച്ച തിയ്യറ്ററുകളിലേക്ക്. ഇതോടൊപ്പം റിലീസ് ചെയ്യേണ്ടിയിരുന്ന സജിത്ത് ജഗദ്നന്ദന്‍ ചിത്രം ഒരേ മുഖം ഈ മാസം 24 ലേക്ക് മാറ്റിവെച്ചു.
നോട്ട് ക്ഷാമം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഒരേ മുഖത്തിന്റെ റിലീസ് മാറ്റുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച ചിത്രം റിലീസ് ചെയ്യാനിരുന്നതാണെങ്കിലും ഫൈനല്‍ മിക്സിംഗ് പൂര്‍ത്തിയാകാത്തതിനാലാണ് ഈ ആഴ്ച്ചയിലേക്ക് റിലീസ് മാറ്റിയത്. എന്നാല്‍, പൊതുജനം കൈയില്‍ പണമില്ലാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ തിയ്യറ്ററില്‍ ആളേ കിട്ടാന്‍ പ്രയാസമാണെന്ന് കണ്ടാണ് റിലീസ് മാറ്റിവെയ്ക്കുന്നതെന്നും സജിത്ത് പറഞ്ഞു.
അതേസമയം ഒരു തവണ റിലീസ് മാറ്റിവെച്ച കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഇനിയും മാറ്റിവയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ഈ വെള്ളിയാഴ്ച്ച തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞു.
ചിത്രത്തെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ട്. സിനിമയെ സ്നേഹിക്കുന്ന, സിനിമ കാണാന്‍ താല്പര്യമുള്ള ആളുകള്‍ എന്താണെങ്കിലും തിയ്യറ്ററിലെത്തുമെന്ന വിശ്വാസമുണ്ട്. നല്ല സിനിമകള്‍ക്ക് തിയ്യറ്ററുകളില്‍ ഇപ്പോഴും ആളുണ്ടെന്നും നാദിര്‍ഷാ പറഞ്ഞു.
അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. തിരക്കഥാകൃത്ത് കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്ണുവും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് നായിക. രാഹുല്‍ മാധവ്, സിജു വില്‍സണ്‍, ലിജോ മോള്‍ ജോസ്, സ്വാസിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ദിലീപും ഡോ സക്കറിയാ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം.