അസമില്‍ നിന്ന് കേരളത്തിലെത്തി തരംഗം സൃഷ്ടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്‍മണി ദാസ്. ആണ്‍കുട്ടിയായി ജനിച്ച ജാന്‍ വളര്‍ന്നു വലുതാകുന്ന ഘട്ടത്തിലാണ് തന്നിലുള്ള ആണ്‍ പകുതിയേക്കാള്‍ പുറത്തുവരാന്‍ ആഗ്രഹിക്കുന്ന പെണ്‍പകുതിയെ തിരിച്ചറിഞ്ഞത്. കുടുംബവും സമൂഹവും എതിരെ നിന്നിട്ടും ജാന്‍ പെണ്ണാകാന്‍ തീരുമാനിച്ചു. ഒടുവിൽ പെണ്ണായി.
നാടകക്കമ്പനിയില്‍ അഭിനേതാക്കളെ അണിയിച്ചൊരുക്കി മേക്കപ്പ് രംഗത്തേക്ക് ചുവടുവെച്ച ജാന്‍ ഇന്ന് അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന ചിത്രത്തിലൂടെയാണ് ജാന്‍ മലയാളത്തിലെത്തുന്നത്. നിരവധി താരസുന്ദരിമാരെ അണിയിച്ചൊരുക്കിയ ജാനിന് മഞ്ജു വാര്യരെ മേക്കപ്പ് ചെയ്തപ്പോഴാണ് രസകരമായ ഒരനുഭവം ഉണ്ടായത്.
കഥ ഇങ്ങനെ
പൂര്‍ണിമാ ഇന്ദ്രജിത്ത് വഴിയാണ് മഞ്ജുവിനെ ഒരുക്കാന്‍ ജാന്‍ എത്തുന്നത്. സ്റ്റാര്‍ ആൻഡ് സ്‌റ്റൈലിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനു വേണ്ടി. അസമില്‍ ജനിച്ചു വളര്‍ന്ന ജാന്‍ മലയാളത്തിലെ നടിമാരെ പരിചയപ്പെട്ടുവരുന്നേ ഉണ്ടായിരുന്നുള്ളു അപ്പോൾ.
ഫോട്ടോഗ്രാഫര്‍ എസ്.എല്‍ ആനന്ദ് ആവശ്യപ്പെട്ട രീതിയില്‍ മഞ്ജുവിനെ ജാന്‍ ഒരുക്കി. ആ ലക്കം പ്രിന്റ് ചെയ്തു വന്നപ്പോൾ ജാന്‍ ഞെട്ടി. മഞ്ജുവിന്റെ മേക്കപ്പ് ഇഷ്ടപ്പെട്ട് നിരവധി പേരുടെ കോളുകൾ. സിനിമയില്‍ നിന്ന് ഏറെ നാള്‍ വിട്ടുനിന്ന മഞ്ജുവിനെ പുതിയ ലുക്കില്‍ കണ്ടിട്ടാണ് വിളിച്ചതെന്ന് അവര്‍ പറഞ്ഞു.
എന്തായാലും മഞ്ജുവിന്റെ ഫോട്ടോയോടുകൂടി സ്റ്റാര്‍ ആൻഡ് സ്‌റ്റൈല്‍ മാര്‍ക്കറ്റില്‍ എത്തിയതു മുതല്‍ തന്റെ ഫോണ്‍ വിശ്രമം എന്തെന്നറിഞ്ഞിട്ടില്ലെന്ന് ജാന്‍ പറയുന്നു. മഞ്ജുവിന്റെ ഒരാരാധകന്‍ തന്നെ വിളിച്ച് വിവാഹാഭ്യര്‍ഥന വരെ നടത്തി. ആ ഫോട്ടോഷൂട്ട് തന്റെ കരിയറിലെ നാഴികക്കല്ലായിരുന്നുവെന്ന് നവംബർ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ജാൻമണി പറഞ്ഞു.