ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മമ്മൂട്ടിയുടെ വില്ലനാകുന്നു, കളിക്കൊപ്പം വെള്ളിത്തിരയിലും സാന്നിധ്യമറിയച്ച ഐ.എം. വിജയന്‍ ആദ്യമായാണ് ഒരു മമ്മൂട്ടിച്ചിത്രത്തില്‍ അഭിനയിക്കുന്നത്.
സ്വന്തം നാടായ തൃശ്ശൂരില്‍ വെച്ചുതന്നെ മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനായതിന്റെ ആഹ്ലാദമാണ് വിജയന്‍ പങ്കുവെച്ചത്. മമ്മൂട്ടിയുടെ വില്ലനായാണ് ചിത്രത്തില്‍ അഭിനയിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ അത് ഉള്‍ക്കൊള്ളാനല്‍പ്പം പ്രയാസമുണ്ടായിരുന്നു വിജയന്.
പന്തുകളി ഒരാവേശമായി ഞരുമ്പുകളിലേക്ക് പടരുന്നകാലത്തുതന്നെ സിനിമയും ഒരദ്ഭുതമായിരുന്നു, അഭിനയിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമായാണ് കണക്കാക്കുന്നത്. മമ്മൂട്ടിക്കൊപ്പം ആദ്യമായിട്ടാണ്. അതിന്റെ പരിഭ്രമമായിരുന്നു മനസ്സുനിറയെ- വിജയന്‍ പറയുന്നു.
തോളില്‍തട്ടി അദ്ദേഹത്തെ പുച്ഛിച്ചു ഡയലോഗുപറയുന്ന രംഗം ഏറെ പണിപ്പെട്ടാണ് ചിത്രീകരിച്ചത്. തോളില്‍തട്ടുന്ന രംഗം പലതവണ എടുത്തിട്ടും ശരിയായില്ല. ഒടുക്കം ആ സീന്‍ ഒഴിവാക്കിത്തരുമോയെന്നുവരെ ഞാന്‍ സംവിധായകനോടുചോദിച്ചു. പക്ഷേ, മമ്മൂക്ക വിട്ടില്ല. അങ്ങനെത്തന്നെ ചെയ്യണമെന്ന അദ്ദേഹം നിര്‍ബന്ധിക്കുകയായിരുന്നു.''
തൃശ്ശൂരും മട്ടാഞ്ചേരിയിലുമായാണ് മമ്മൂട്ടിയും വിജയനും തമ്മിലുള്ള സീനുകള്‍ ചിത്രീകരിച്ചത്. മണ്ണുത്തി ഹൈവേയില്‍ വെച്ചെടുത്ത ഡ്രൈവിങ് സീനുകള്‍ എറെ പ്രയാസം നിറഞ്ഞതായിരുന്നെന്ന് വിജയന്‍ പറയുന്നു. തോക്കേന്തിയ മമ്മൂട്ടിയെ പിറകിലിരുത്തി മുഖത്ത് ഭയം നിറച്ച് ഡയലോഗ് പറഞ്ഞുകൊണ്ട് വണ്ടിയോടിക്കുന്ന രംഗങ്ങളായിരുന്നു അത്. നായകനു നേരെ വെല്ലുവിളി ഉയര്‍ത്തിയെത്തുന്ന ആന്റോയെന്ന കഥാപാത്രത്തെയാണ് ദി ഗ്രേറ്റ് ഫാദറില്‍ വിജയന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനുവേണ്ടി രണ്ടാഴ്ചയോളം ചെലവിട്ടു.
ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശാന്തത്തിലെ അഭിനയമാണ് വിജയനെ വെള്ളിത്തിരയില്‍ ശ്രദ്ധേയനാക്കിയത്. വില്ലന്‍വേഷങ്ങളില്‍ മടികൂടാതെ അഭിനയിക്കാനുറപ്പിച്ചതോടെ തമിഴകത്തുനിന്നും കൂടുതല്‍ സിനിമകളെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാര്‍ത്തിയുടെ കൊമ്പനില്‍ വിജയന്‍ അവതരിപ്പിച്ച വില്ലന്‍ മുത്തുകാളെയുടെ വേഷം കോളിവുഡില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള കൊമ്പനില്‍ കൊലപാതകിയായ മുത്തുകാളെയുടെ വേഷം ചിത്രത്തിനുതന്നെ മുതല്‍ക്കൂട്ടായിരുന്നു.
മഹാസമുദ്രമെന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും വിജയന്‍ അഭിനയിച്ചിട്ടുണ്ട്. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം ഓഗസ്റ്റ് സിനിമ ബാനറില്‍ പൃഥ്വിരാജ്, ആര്യ, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. സ്നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക.