കൊച്ചി: നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന മെക്സിക്കന്‍ അപാരതയില്‍ കടുത്ത എസ്.എഫ്.ഐക്കാരനായ സഖാവിന്റെ വേഷത്തില്‍ നീരജ് മാധവ്. ടൊവീനോ തോമസ്, രൂപേഷ് പീതാംബരന്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന സിനിമയില്‍ തുല്യപ്രാധാന്യമുള്ള സുബാഷ് എന്ന കഥാപാത്രത്തെയാണ് നീരജ് മാധവ് അവതരിപ്പിക്കുന്നത്.
ചെറുപ്പം മുതലെ ഇടതുപക്ഷ പശ്ചാത്തലത്തില്‍ വളര്‍ന്നു വരുന്ന നീരജിന്റെ കഥാപാത്രം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിട്ടാണ് മെക്സിക്കന്‍ അപാരതയില്‍ അഭിനയിക്കുന്നതെന്ന് സംവിധായകന്‍ ടോം ഇമ്മട്ടി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
'ഇടതുപാര്‍ട്ടിക്ക് ശക്തമായ വേരൊട്ടമുള്ളൊരു സ്ഥലത്തുനിന്ന് കൊച്ചി മഹാരാജാസിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രമായിട്ടാണ് നീരജ് അഭിനയിക്കുന്നത്. ടൊവീനോയുടെ കഥാപാത്രം ഇടക്കാലം കൊണ്ട് ഇടതുപക്ഷ പ്രത്യേയശാസ്ത്രത്തിലേക്ക് എത്തിയതാണെങ്കില്‍ ചെറുപ്പം മുതല്‍ ഇടതുപക്ഷ സഹായാത്രികനാണ് സുബാഷ് എന്ന നീരജ് കഥാപാത്രം' - ടോം ഇമ്മട്ടി പറഞ്ഞു.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുണ്ടുടുത്തൊരു കഥാപാത്രവുമായി എത്തുകയാണെന്നും ഇത് തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമെന്നും നീരജ് മാധവ് പറഞ്ഞു.
'കുറച്ച് നാളുകള്‍ക്ക് ശേഷമാണ് വീണ്ടും മുണ്ടുടുത്തൊരു സാധാരണക്കാരന്റെ കഥാപാത്രത്തില്‍ അഭിനയിക്കുന്നത്. സാധാരണക്കാരന്റെ പ്രതിനിധിയാണ് എന്റെ കഥാപാത്രം. ഇതുവരെ ഞാന്‍ അഭിനയിച്ചതില്‍നിന്ന് ഏറെ വ്യത്യസ്തമായൊരു പശ്ചാത്തലമാണ് ഈ കഥാപാത്രത്തിന്. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്.
പാര്‍ട്ടിക്ക് ശക്തമായ വേരൊട്ടമുള്ളൊരു സ്ഥലത്ത്നിന്ന് ശക്തമായ ഇടതുപക്ഷ വേരുകളുള്ള കഥാപാത്രമാണിത്. മഹാരാജാസ് കോളജിലെ ഒരു എസ്.എഫ്.ഐക്കാരന്റെ റോള്‍ എന്നെ സംബന്ധിച്ച് ആകാംക്ഷ ഉളവാക്കുന്ന ഒന്നാണ്. നേരത്തെ ടൊവിനോയ്ക്കും രൂപേഷിനുമൊക്കെ ക്യാരക്ടര്‍ ഇന്‍ട്രൊഡക്ഷൻ ടീസര്‍ പുറത്തിറക്കിയത് പോലെ എന്റെ കഥാപാത്രത്തിനും ടീസര്‍ പുറത്തിറക്കുന്നുണ്ട്'. - നീരജ് മാധവ് പറഞ്ഞു.
ക്യാരക്ടര്‍ ടീസര്‍, ടൈറ്റില്‍ സോങ് എന്നിവയുടെ ചിത്രീകരണം നേരത്തെ നടന്നിരുന്നെങ്കിലും ഔദ്യോഗികമായ സ്വിച്ച് ഓണും ഷൂട്ടിംഗിന്റെ ആരംഭവും മറ്റും ഒക്ടോബര്‍ അഞ്ചാം തിയ്യതിയായിരിക്കും. എറണാകുളം മഹാരാജാസ് കോളജാണ് പ്രധാന ലൊക്കേഷൻ.