സിനിമക്കാര്‍ രാഷ്ട്രീയത്തിലേക്കൊന്ന് ചാടി. രാഷ്ട്രീയക്കാര്‍ സിനിമയിലേക്കും. അടുത്തകാലത്തായി സിനിമയെയും രാഷ്ട്രീയത്തെയും തമ്മില്‍ കൂട്ടിയിണക്കിയത് ഈ മറുകണ്ടം ചാടലുകളാണ്. പക്ഷേ, അതിനെല്ലാമപ്പുറം സിനിമയും രാഷ്ട്രീയവും തമ്മില്‍ വലിയൊരു ബന്ധമുണ്ട്. എന്താണെന്നല്ലേ? 1966-ല്‍ പുറത്തിറങ്ങിയ സ്ഥാനാര്‍ഥി സാറാമ്മ മുതല്‍ 2014-ല്‍ തരികിട രാഷ്ട്രീയം പറഞ്ഞിറങ്ങിയ വെള്ളിമൂങ്ങ വരെ ഒന്ന് കണ്ട് നോക്കിയാല്‍ മതി.
മുട്ടത്തു വര്‍ക്കിയുടെ 'പഞ്ചായത്ത് വിലക്ക് 'എന്ന നോവലിനെ ആസ്പദമാക്കിയാണ് സ്ഥാനാര്‍ഥി സാറാമ്മ എന്ന സിനിമയുടെ പിറവി. കെ.എസ്. സേതുമാധവന്റെ സംവിധാനത്തില്‍ പ്രേംനസീറും ഷീലയും അടൂര്‍ഭാസിയുമൊക്കെ തകര്‍ത്തഭിനയിച്ച ചിത്രം. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചൂടും ചൂരും ആവാഹിച്ച ചിത്രം സൂപ്പര്‍ ഹിറ്റായി.
സ്ഥാനാര്‍ഥി സാറാമ്മയായി ഷീലയും ജോണിയായി പ്രേംനസീറും കലക്കി. അതിലെ പാട്ട് അതിലേറെ ഹിറ്റായി. 'കുരുവിപ്പെട്ടി നമ്മുടെ പെട്ടി... കടുവാപ്പെട്ടിക്കോട്ടില്ല... വോട്ടില്ലാ വോട്ടില്ലാ കടുവാപ്പെട്ടിക്കോട്ടില്ല...' സ്ഥാനാര്‍ഥി സാറാമ്മ എന്ന ചിത്രത്തിലെ ഈ പാട്ട് എല്ലാക്കാലവും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാരഡിയായത് വെറുതെയല്ല.
സ്ഥാനാര്‍ഥി സാറാമ്മയ്ക്ക് ഈ തിരഞ്ഞെടുപ്പ് കാലത്ത് 50 വയസ്സായി. പക്ഷേ, ആ സിനിമ ഇന്നും ആളുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. പ്രത്യേകിച്ച് പഴയ തലമുറയിലെ രാഷ്ട്രീയക്കാര്‍. രാഷ്ട്രീയക്കാര്‍ കാട്ടിക്കൂട്ടുന്ന എല്ലാക്കസര്‍ത്തുകളും പച്ചയായി പറഞ്ഞ സിനിമയെ അങ്ങനെ കൈയ്യൊഴിയാന്‍ ആര്‍ക്കും കഴിയില്ലല്ലോ?
സാറാമ്മയില്‍ തുടങ്ങിയ രാഷ്ട്രീയം ഇങ്ങ് വെള്ളിമൂങ്ങയിലെ മാമച്ചനിലേക്കെത്തുമ്പോള്‍ രാഷ്ട്രീയത്തില് കാലുവാരലുകളും മറുകണ്ടം ചാടലുകളും എക്കാലവുമുണ്ടെന്ന് കാണാം. ഒരു രാഷ്ട്രീയക്കാരന്‍ 'എങ്ങനെയായിരിക്കണമെന്ന്' പുതുതായി രാഷ്ട്രീയത്തിലിറങ്ങുന്നവര്‍ക്ക് ഒരു പാഠമാണ് വെള്ളിമൂങ്ങയിലെ മാമച്ചന്‍. ബിജുമേനോന്‍ മാമച്ചനായി തകര്‍ത്തപ്പോള്‍ മലയാളികള്‍ അത് നെഞ്ചേറ്റി. തരികിട രാഷ്ട്രീയത്തിന് പാഠമായ മാമച്ചനാകുമോ ഇനി നമ്മുടെ രാഷ്ട്രീയക്കാരുടെ റോള്‍ മോഡല്‍.
രാഷ്ട്രീയത്തെ പരിഹസിച്ചും പുകഴ്ത്തിയും ഇകഴ്ത്തിയുമൊക്കെ ഒട്ടേറെ സിനിമകള്‍ പിന്നീട് വന്നു. രാഷ്ട്രീയം എന്നും ഒഴിച്ചുകൂടാനാവാത്തതായതിനാല്‍ ആ സിനിമകളും സൂപ്പര്‍ഹിറ്റായി. ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. രണ്ടുപാര്‍ട്ടിയിലായി പ്രവര്‍ത്തിച്ച് പരസ്പരം കീരിയും പാമ്പുമായി പെരുമാറുന്ന രണ്ട് മക്കള്‍. അവരുടെ പോക്ക് കണ്ട് വേദനയോടെ കഴിയുന്ന ഒരച്ഛന്‍.
ഒടുവില്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തനമുപേക്ഷിച്ച് പഠിപ്പിനനുസരിച്ച് ജോലി നോക്കാന്‍ ആ സഹോദരങ്ങള്‍ തയ്യാറാകുന്നു. പേരുപോലെതന്നെ സന്ദേശം നല്‍കിയ ചിത്രം. ശ്രീനിവാസനും ജയറാമും തിലകനുമൊക്കെ റോള്‍ ഗംഭീരമാക്കി. സിനിമ വന്‍ ഹിറ്റ്. പക്ഷേ, ഈ സിനിമ ഇറങ്ങിയെന്ന് കരുതി ആരും രാഷ്ട്രീയം ഉപേക്ഷിച്ചില്ല. സന്ദേശം സിനിമയ്ക്ക് 25 തികയുമ്പോള്‍, കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നിട്ടേയുള്ളൂ.
പഞ്ചവടിപ്പാലം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ലാല്‍സലാം, തലസ്ഥാനം, കളക്ടര്‍, മാഫിയ, കമ്മീഷണര്‍, ദി കിങ്, ലെഫ്ട് റൈറ്റ് ലെഫ്ട്, ഒരു ഇന്ത്യന്‍ പ്രണയകഥ, ടി.പി. 51 വെട്ട്, വെള്ളിമൂങ്ങ തുടങ്ങിയ ഒട്ടുമിക്ക സിനിമകളിലും രാഷ്ട്രീയമുണ്ടായിരുന്നു. ഇടതുപക്ഷത്തെ പരോക്ഷമായും പ്രത്യക്ഷമായും ആക്രമിച്ച സിനിമകളും ഏറെ. എല്ലാക്കാലവും ഇത്തരം സിനിമകള്‍ വിവാദങ്ങളിലുംപെട്ടിരുന്നു.
രാഷ്ട്രീയത്തെ ഗൗരവമായി കാണാതെ തമാശയായി അവതരിപ്പിച്ച സിനിമകളും വന്‍ ഹിറ്റായിരുന്നു. സന്ദേശം, ഇന്ത്യന്‍ പ്രണയകഥ, വെള്ളിമൂങ്ങ തുടങ്ങിയവ ഉദാഹരണങ്ങള്‍. സ്ഥലത്തെ പ്രധാന പയ്യന്‍സ്, ലാല്‍സലാം, ലെഫ്ട് റൈറ്റ് ലെഫ്ട് തുടങ്ങിയ സിനിമകള്‍ കഥയുടെയും കെട്ടുറപ്പിന്റെയും പിന്‍ബലത്തിലാണ് വെള്ളിത്തിരയില്‍ നിറഞ്ഞോടിയത്.
ടി.വി. തോമസിന്റെയും കെ.ആര്‍. ഗൗരിയമ്മയുടെയും ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ലാല്‍സലാം എക്കാലത്തെയും മികച്ച രാഷ്ട്രീയ സിനിമകളിലൊന്നായി. എന്തായാലും മലയാളത്തില്‍ രാഷ്ട്രീയ സിനിമകളുടെ റീലുകള്‍ ഇനിയും നീളും. കാരണം, കാലുവാരലും മറുകണ്ടം ചാടലുമൊക്കെ എന്നുമുണ്ടല്ലോ...