കപൂര്‍ കുടുംബത്തിന്റെ പാകിസ്താനിലെ വീട് പൊളിക്കാനുള്ള തീരുമാനത്തോടു പ്രതികരിച്ച് നടന്‍ ഋഷി കപൂര്‍. വീട് പൊളിക്കാനുള്ള തീരുമാനത്തില്‍ കപൂര്‍ കുടുംബത്തിലെ ആര്‍ക്കും എതിര്‍പ്പില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഋഷിയുടെ മുത്തച്ഛനും പ്രമുഖ നടനുമായ പൃഥ്വിരാജ് കപൂറാണ് ഇവിടെ വസിച്ചിരുന്നത്.
'വിഭജനത്തിന് മുമ്പ് ഇന്ത്യയിലെത്തിയതാണ് ഞങ്ങളുടെ കുടുംബം. സഹോദരങ്ങളില്‍ ഒരാള്‍ പോലും പെഷവാറിലെ വീട് കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ യാതൊരു വൈകാരിക അടുപ്പവുമില്ല', ഋഷി പറഞ്ഞു. അച്ഛന്റെ (രാജ് കപൂര്‍) സ്വന്തമായിരുന്നോ ആ വീടെന്നുപോലും വ്യക്തമല്ല. വീട് പൊളിക്കാനുള്ള പാകിസ്താന്റെ തീരുമാനത്തില്‍ കപൂര്‍ കുടുംബത്തിലെ ഒരാള്‍ക്കും എതിര്‍പ്പില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിഥ്വിരാജ് കപൂറിന്റെ പെഷവാറിലെ വീട് പൊളിച്ചുമാറ്റുന്ന പണികള്‍ ഇപ്പോള്‍ നടന്നുവരികയാണ്. മേല്‍ക്കൂര ഇതിനോടകം നീക്കം ചെയ്തുകഴിഞ്ഞു. നേരത്തെ ഇവിടെ മ്യൂസിയം നിര്‍മിക്കാനുള്ള പദ്ധതിയുമായി പ്രാദേശിക ഭരണകൂടം രംഗത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് നീക്കങ്ങളൊന്നും നടന്നതുമില്ല.
നടന്‍ ദിലീപ് കുമാറിന്റെ പെഷവാറിലെ ജന്‍മഗൃഹം കഴിഞ്ഞ വര്‍ഷം ദേശീയ പൈതൃക സ്മാരകമായി പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു.
Share this Article
Related Topics