മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'മരയ്ക്കാര്‍ അറബികടലിന്റെ സിംഹത്തില്‍' മധു അഭിനയിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായി വേഷമിടുന്നത് മധുവാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്.
ചരിത്രത്തില്‍ നാല് മരയ്ക്കാമാരാണുള്ളത്. അതില്‍ നാലാമനായാണ് മോഹന്‍ലാല്‍ എത്തുന്നത്. നാലാമത്തെ മരയ്ക്കാരുടെ കഥയാണ് പ്രധാനമായും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മൂന്നാമനെയും രണ്ടാമനെയും അവതരിപ്പിക്കാന്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങളെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗസ്റ്റ് സിനിമാസ് നിര്‍മിച്ച് സന്തോഷ് ശിവന്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിന്റെ ജോലികളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
പോര്‍ച്ചുഗീസുകാരുമായുള്ള ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ള പടത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് സാമൂതിരിയുടെ കടല്‍പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാന്മാരാണെന്ന് ചരിത്രം പറയുന്നു.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ ഒരു ചിത്രം ഇറങ്ങിയിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ പരീക്കുട്ടി നിര്‍മിച്ച് എസ്.എസ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചത്. പ്രേം നസീറും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.