കേരളം അതിജീവിച്ച മഹാപ്രളയം സിനിമയാകുന്നു. ജൂഡ് ആന്റണി ജോസഫാണ് ചിത്രം ഒരുക്കുന്നത്. 2403 ഫീറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ജാതിയും മതവും പാര്‍ട്ടിയും എല്ലാം മറന്ന് ഒറ്റകെട്ടായി പ്രളയത്തിത്തെ അതിജീവിക്കാന്‍ കേരളത്തോടൊപ്പം നിന്നവര്‍ക്ക് വേണ്ടിയാണ് ചിത്രം സമര്‍പ്പിക്കുന്നതെന്ന് ജൂഡ് പറയുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ജൂഡ് പുറത്ത് വിട്ടു
ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ജൂഡ് ആന്റണിയും ജോണ്‍ മാന്ത്രിക്കലും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. ഛായാഗ്രാഹണം- ജോമോന്‍ ടി ജോണ്‍, എഡിറ്റിങ്- മഹേഷ് നാരായണന്‍.
ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
'പ്രളയത്തില്‍ എന്റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയംവച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ, ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീരമൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്തു നില്ക്കാതെ പോയ ധീര ജവാന്മാരുടെ, ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ. അതെ നമ്മുടെ അതി ജീവനത്തിന്റെ കഥ.'
Content Highlights: kerala flood movie jude anthony joseph director 2403 feet unexpected heroes