കൊച്ചി: കട്ടപ്പനയിലെ ഋത്വിക് റോഷന്‍ വെറുമൊരു തമാശ സിനിമയല്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. തന്റെ മുന്‍ ചിത്രം അമര്‍ അക്ബര്‍ അന്തോണി പോലെ തമാശയ്‌ക്കൊപ്പം സാമൂഹിക പ്രസക്തമായ വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. വെറുമൊരു സിനിമ എന്നതിലുപരി ഒരുപാട് പ്രത്യേകതകളുള്ളൊരു സിനിമയായിരിക്കും ഇതെന്നും നാദിര്‍ഷ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ഈ സിനിമയുടെയും തിരക്കഥ ഒരുക്കുന്നത്. നാദിര്‍ഷയുടെ ആദ്യ ചിത്രത്തിന്റെ തിരക്കഥയും ഇവര്‍ തന്നെയായിരുന്നു. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണുവാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്തുകൊണ്ട് വിഷ്ണുവിനെ തിരഞ്ഞെടുത്തു എന്ന് നാദിര്‍ഷയോട് ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരം ഇതാണ്.
'കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍ എന്ന സിനിമയുടെ കഥയ്ക്ക് ഏറ്റവും അനുയോജ്യനായ നടനാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. തിരക്കഥാകൃത്തായത് കൊണ്ട് നീ കയറി അഭിനയിച്ചോ എന്ന് പറഞ്ഞതല്ല. ഈ സിനിമയ്ക്ക് വേണ്ടി വേറെ ആരെങ്കിലുമായിരുന്നു തിരക്കഥ എഴുതിയതെങ്കിലും കറങ്ങി തിരിഞ്ഞ് എന്റെ അന്വേഷണം വിഷ്ണുവില്‍ തന്നെ എത്തിയേനെ. നാട്ടുംപുറത്തുകാരനായ ഒരു സിനിമാമോഹിയുടെ റോളിലാണ് വിഷ്ണു അഭിനയിക്കുന്നത്. സിനിമയിലേക്ക് വേണ്ട യോഗ്യതകളൊന്നും ഇല്ലെങ്കിലും അതിനായി ശ്രമിക്കുന്ന ഒരാളുടെ കഥാപാത്രമാണിത്. ഇതിന് മുന്‍പ് കുറച്ച് നല്ല കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് വിഷ്ണു. നല്ല നടനാണെന്ന് ബോധ്യമുള്ളതുകൊണ്ട് തന്നെയാണ് വിഷ്ണുവിനെ ഈ കഥാപാത്രം ഏല്‍പ്പിച്ചത്'
ഒരു മുറൈ വന്ത് പാര്‍ത്തായാ, പാ.വ. തുടങ്ങിയ സിനിമകള്‍ക്ക് ശേഷം പ്രയാഗാ മാര്‍ട്ടിന്‍ ഈ സിനിമയില്‍ നായികയായി എത്തുന്നു. പ്രയാഗയ്ക്ക് തുല്യമായ റോളില്‍ മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രശസ്തയായ ലിജിമോളും അഭിനയിക്കുന്നു. സിദ്ദിഖ്, സലിംകുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നാദ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ സക്കറിയാ തോമസും നടന്‍ ദിലീപും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുന്നത്.